അഖിലേഷ് യാദവ് ശിവപാല്‍ യാദവിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി

Update: 2018-06-01 11:02 GMT
അഖിലേഷ് യാദവ് ശിവപാല്‍ യാദവിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി
Advertising

അഖിലേഷ് യാദവ് പുതിയ പാര്‍ട്ടി രൂപീകരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കവെയാണ് തനിക്കെതിരെ നില്‍ക്കുന്ന ബന്ധുകൂടിയായ സംസ്ഥാന അദ്ധ്യക്ഷനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി പാര്‍ട്ടിക്കുള്ളില്‍ പുതിയ പോര്‍മുഖം തുറന്നത്...

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭരണകക്ഷിയായ സമാജ് വാദി പാര്‍ട്ടിയില്‍ ആഭ്യന്തര കലാപം. പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷനും മുലായം സിങ്ങിന്റെ സഹോദരനുമായ ശിവപാല്‍ യാദവിനെ മുഖ്യമന്ത്രി അഖിലേഷ് യാദവ് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി. ശിവപാല്‍ യാദവിനെ ക്ഷണിക്കാതെ അഖിലേഷ് യാദവ് വിളിച്ചു ചേര്‍ത്ത നിയമസഭാംഗങ്ങളുടെ പ്രത്യേക യോഗത്തിലാണ് തീരുമാനം. അമര്‍സിങ്ങ് അനുകൂലികള്‍ തന്റെ മന്ത്രിസഭയില്‍ വേണ്ടെന്ന് യോഗത്തില്‍ അഖിലേഷ് യാദവ് പറഞ്ഞതായി നിയമസഭംഗമായ രാജുയാദവ് വെളിപ്പെടുത്തി. ശിവപാല്‍ യാദവ് മുലായം സിങ്ങ് യാദവുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി.

അഖിലേഷ് യാദവ് പുതിയ പാര്‍ട്ടി രൂപീകരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കവെയാണ് തനിക്കെതിരെ നില്‍ക്കുന്ന ബന്ധുകൂടിയായ സംസ്ഥാന അദ്ധ്യക്ഷനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി പാര്‍ട്ടിക്കുള്ളില്‍ പുതിയ പോര്‍മുഖം തുറന്നത്. ദേശീയ അദ്ധ്യക്ഷനും പിതാവുമായ മുലായം സിങ്ങ് വിളിച്ച നിയമസഭാംഗങ്ങളുടെ യോഗം നാളെ നടക്കാനിരിക്കെയാണ് അഖിലേഷ് അഖിലേഷ് നിയമസഭാംഗങ്ങളുടെ പ്രത്യേക യോഗം വിളിച്ചത്.

ശിവപാല്‍ യാദവിനെ അനുകൂലിക്കുന്ന ഓംപ്രകാശ് സിങ്ങ്, നാരദ് റായ്, ഷദാബ് ഫാത്തിമ എന്നിവരെയും മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവരെ യോഗത്തില്‍ അമര്‍സിങ്ങ് അനുകൂലികളെന്ന് വിശേഷിപ്പിച്ച് അഖിലേഷ് യാദവ് നിലപാട് വ്യക്തമാക്കുകയും ചെയ്തു.

അഖിലേഷ് യാദവും ശിവപാല്‍ യാദവും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കാന്‍ സമാജ് വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളും രാജ്യസഭാംഗങ്ങളുമായ ബേനിപ്രസാദ് വര്‍മ, കിരണ്‍മയ് നന്ദ, നരേഷ് അഗര്‍വാള്‍, രേവതി രമണ്‍ സിങ്ങ്, നിയമസഭാ സ്പീക്കര്‍ മാതാ പ്രസാദ് പാണ്ഡെ എന്നിവര്‍ മുലായം സിങ്ങ് യാദവിനെയും അഖിലേഷ് യാദവിനെയും കണ്ട് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ കാര്യമായ പുരോഗതിയൊന്നുമുണ്ടായില്ല.

പാര്‍ട്ടിയുടെ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ലെന്ന നിലപാടില്‍ ശിവപാല്‍ യാദവും അഖിലേഷ് തന്നെയായിരിക്കണം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവണമെന്ന നിലപാടില്‍ ദേശീയ ജനറല്‍ സെക്രട്ടറിയും മുലായത്തിന്റെ മറ്റൊരു സഹോദരനായ രാംഗോപാല്‍ യാദവും ഉറച്ചു നിന്നു. യാദവ് കുടുംബാംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പാര്‍ട്ടിയ്ക്കകത്ത് കലാപമായി മാറിയത് ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയ്ക്ക് ഗുണകരമാവുമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ക്കുള്ളത്.

അതിനിടെ ഉത്തര്‍പ്രദേശ് ഫിലിം പരിഷത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നടിയും മുന്‍ എംപിയുമായ ജയപ്രദയെ നീക്കി. മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ കൂടിയ അടിയന്തര മന്ത്രിസഭായോഗത്തിന് ശേഷമാണ് പുറത്താക്കല്‍. പാര്‍ട്ടിയില്‍ അഖിലേഷിനെതിരേ നീക്കം നടത്തുന്ന അമര്‍ സിംഗുമായുള്ള അടുപ്പമാണ് ജയപ്രദയുടെ പുറത്താകലിലേക്കു നയിച്ചതെന്നാണ് സൂചന.

പാര്‍ട്ടി നേതാവ് മുലായം സിംഗിന്റെ സഹോദരന്‍ ശിവപാല്‍ യാദവുള്‍പ്പടെ നാലു മന്ത്രിമാരെ മന്ത്രിസഭയില്‍നിന്നു പുറത്താക്കിയതിനു പിന്നാലെയാണ് ജയപ്രദയെയും അഖിലേഷ് നീക്കിയത്. മുലായം സിംഗിന്റെ സഹോദരനാണ് പുറത്താക്കിയ ശിവപാല്‍.

Tags:    

Similar News