ജമ്മുവില്‍ വീണ്ടും പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം; 5 പേര്‍ കൊല്ലപ്പെട്ടു
മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്
ജമ്മു കശ്മീരിലെ അതിര്‍ത്തിയില്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ അഞ്ച് പേര്‍ മരിച്ചു. ഹിരാനഗഗര്‍, ആര്‍ എസ് പുര നഗര്‍ എന്നിവിടങ്ങളിലാണ് പാകിസ്താന്‍ ഷെല്ലാക്രമണം നടത്തിയത്. ആക്രമണങ്ങളെ തുടര്‍ന്ന് പ്രദേശത്തെ ജനങ്ങളെ മാറ്റിപാര്‍പ്പിച്ചു.
തുടര്‍ച്ചയായ മൂന്നാം ദിവസമാണ് അര്‍നിയ സെക്ടറിലും ആര്‍ എസ് പുര സെക്ടറിലുമായി പാക് സൈന്യം ഷെല്ലാക്രമണം നടത്തുന്നത്. ഇന്ന് പുലര്‍ച്ചെ മുതല്‍ ആരംഭിച്ച മോര്‍ട്ടാര്‍ ആക്രമണത്തിലാണ് പ്രദേശവാസികള്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റമാദാന്‍ ആരംഭിച്ചതോടെ ഇന്ത്യ ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും പാകിസ്താന്‍ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ എട്ട് മാസം പ്രായമുള്ള കുട്ടിയടക്കം 10 ലേറെ പേരാണ് അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണരേഖയ്ക്കും സമീപത്തായി കൊല്ലപ്പെട്ടത്. ആക്രമണം രൂക്ഷമായതോടെ അതിര്‍ത്തിയില്‍ നിന്ന് ആയിരക്കണക്കിന് പേരെയാണ് മാറ്റിപാര്‍പ്പിച്ചത്. അതിര്‍ത്തിയിലെ സ്ക്കൂളുകളും അടച്ചിട്ടു. ആക്രമണം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യ പാകിസ്താന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.