ഗുലാം നബിയുടെ ആര്‍എസ്എസ് പരാമര്‍ശത്തിന്മേല്‍ സഭയില്‍ ബഹളം
രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് ആര്‍എസ്എസും ഐഎസും ഒരുപോലെയാണെന്ന് പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് രാജ്യസഭയില്‍ ബിജെപി പ്രതിഷേധം
രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് ആര്‍എസ്എസും ഐഎസും ഒരുപോലെയാണെന്ന് പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് രാജ്യസഭയില്‍ ബിജെപി പ്രതിഷേധം. ഗുലാം നബി ആസാദ് മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. എന്നാല്‍ ഐഎസിനെയും ആര്‍എസ്എസിനെയും ഒരു പോലെ എതിര്‍ക്കുന്നുവെന്നാണ് താന്‍ പറഞ്ഞതെന്നും അതില്‍ ഒരു തെറ്റുമില്ലെന്നും ഗുലാംനബി ആസാദ് സഭയില്‍ പറഞ്ഞു. ആര്‍എസ്എസിന്റെ സംവരണ വിരുദ്ധ നിലപാടിനെതിരെയും വിജയ് മല്യയെ തിരിച്ചു കൊണ്ടുവരാന്‍ നടപടി വേണമെന്നാവശ്യപ്പെട്ടും വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
വിവിധ വിഷയങ്ങളില്‍ പ്രതിപക്ഷത്തിന്റെയും ഭരണപക്ഷത്തിന്റെയും പ്രതിഷേധത്തിനാണ് രാജ്യസഭ വേദിയായത്. സഭാ നടപടികള്‍ തുടങ്ങിയപ്പോള്‍ തന്നെ ഗുലാം നബി ആസാദിന്റെ പ്രസംഗത്തിനെതിരെ ബിജെപിയും ആര്‍എസ്എസിന്റെ സംവരണ വിരുദ്ധ നിലപാടിനെതിരെ ബിഎസ്‍പിയും രംഗത്തു വന്നു. ബിഎസ്‍പി അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി. സംവരണം നിര്‍ത്തലാക്കുന്ന പ്രശ്നമില്ലെന്നും ആര്‍എസ്എസിന്റെയും നിലപാട് അതു തന്നെയാണെന്നും പാര്‍ലമെന്ററികാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‍വി മറുപടി നല്‍കി.
പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ഐഎസും ആര്‍എസ്എസും ഒരു പോലെയാണെന്ന് പറഞ്ഞതായി പത്രങ്ങളിലും ടെലിവഷന്‍ ചാനലുകളിലും വന്നിട്ടുണ്ടെന്നും ഇതിന് ഗുലാംനബി ആസാദ് മാപ്പു പറയണമെന്നും നഖ് വി ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇക്കാര്യത്തില്‍ മറുപടി നല്‍കിയ ഗുലാം നബി ആസാദ് ഐഎസിനെയും ആര്‍എസ്എസിനെയും ഒരുപോലെ എതിര്‍ക്കുന്നു എന്നാണ് പറഞ്ഞതെന്നും ഇതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും വിശദീകരിച്ചു. തന്റെ പ്രസംഗത്തിന്റെ സിഡി സഭയില്‍ ഹാജരാക്കിയ ഗുലാം നബി ആസാദ് അതില്‍ തെറ്റായ എന്തെങ്കിലും പരാമര്‍ശമുണ്ടെങ്കില്‍ തനിയ്ക്കെതിരെ അവകാശ ലംഘന പ്രമേയം കൊണ്ടുവരാമെന്നും പറഞ്ഞു.
പിന്നീട് സംസാരിച്ച അരുണ്‍ ജെയ്റ്റിലി തന്റെ പ്രസംഗത്തിലൂടെ ഗുലാം നബി ഐഎസിന് മാന്യത നല്‍കിയെന്നാണ് തനിയ്ക്കു മനസ്സിലായതെന്നും അതു തന്നെയാണ് ഗുലാം നബി ഉദ്ദേശിച്ചതെന്നും ആരോപിച്ചു. വിജയ് മല്യയെ രാജ്യത്ത് തിരിച്ചെത്തിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സമാജ് വാദി പാര്‍ട്ടി അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങിയതിനെ തുടര്‍ന്ന് ഒരു തവണ സഭാ നടപടികള്‍ നിര്‍ത്തിവെച്ചു.