ആ കത്ത് തീരുമാനിക്കും കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിന്റെ ഭാവി

Update: 2018-06-03 18:35 GMT
ആ കത്ത് തീരുമാനിക്കും കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിന്റെ ഭാവി
Advertising

സത്യപ്രതിജ്ഞയ്ക്ക് വിജയാഹ്ലാദമുണ്ടാകില്ല; രാജ്ഭവനിലെ ഒരു ചടങ്ങ് മാത്രമായി അത് ഒതുങ്ങും.

കര്‍ണാടകയില്‍ യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ തടയണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം പരിഗണിക്കപ്പെട്ടില്ലെങ്കിലും, കോണ്‍ഗ്രസിന് ഇനിയും പ്രതീക്ഷ നശിച്ചിട്ടില്ല. ഗവര്‍ണറുടെ വിവേചനാധികാരത്തില്‍ ഇടപെടാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി സത്യപ്രതിജ്ഞയ്ക്ക് സ്റ്റേ അനുവദിക്കാതിരുന്നത്. ഗവര്‍ണറുടെ ഉത്തരവ് കോടതിക്ക് മരവിപ്പിക്കാന്‍ സാധിക്കില്ലെന്നതിനാലാണ് അത്.

എന്നാല്‍ സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള കാര്യങ്ങള്‍ കോടതിയുടെ തീര്‍പ്പിന് വിധേയമായിരിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത് ബിജെപിയുടെ വിജയാഹ്ലാദങ്ങള്‍ക്ക് കല്ലുകടിയായിട്ടുണ്ട്. സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാന്‍ ഗവര്‍ണര്‍ക്ക് യെദിയൂരപ്പ നല്‍കിയ കത്ത് ഹാജരാക്കണമെന്നും കോടതി ബിജെപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിലെ നിയമപരമായ ശരിതെറ്റുകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും അതിന് ശേഷം തീരുമാനമെടുക്കാമെന്നുമാണ് കോടതി അറിയിച്ചിട്ടുള്ളത്.

Full View

മാത്രമല്ല, എംഎല്‍എമാര്‍ മാത്രം സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യാതെ എന്തുകൊണ്ട് സഭയില്‍ ഭൂരിപക്ഷം തെളിയിച്ചുകൂടാ എന്നൊരു ചോദ്യവും ഹരജി പരിഗണിക്കുന്നതിനിടെ കോടതി ഉയര്‍ത്തിയിരുന്നു. സഭയില്‍ ബിജെപി ഭൂരിപക്ഷം തെളിയിച്ച ശേഷം യെദിയൂരപ്പയ്ക്ക് സത്യപ്രതിജ്ഞ ചെയ്താല്‍ പോരെയെന്നും കോടതി ചോദിച്ചു

117 എംഎല്‍എമാര്‍ കോണ്‍ഗ്രസിന് ഒപ്പം ഇപ്പോള്‍ ഉണ്ട്. ജെഡിഎസിന്റേയും കോണ്‍ഗ്രസിന്റെയും അംഗബലം തന്നെ 117 ആണ്. എന്നാല്‍ കേവല ഭൂരിപക്ഷമായ 111 ലേക്ക് എത്താന്‍ ബിജെപിക്ക് ഇനിയും സീറ്റുകള്‍ ആവശ്യമുണ്ട്. ബിജെപിക്ക് ലഭിച്ചത് 104 സീറ്റുകളാണ്. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കുക എന്ന ചോദ്യവും കോടതി ഉയര്‍ത്തി. കൂടാതെ യെദിയൂരപ്പയെയും കര്‍ണാടക സര്‍ക്കാരിനെയും കേസില്‍ കക്ഷി ചേര്‍ത്തു. രണ്ടു കൂട്ടര്‍ക്കും കോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തിട്ടുണ്ട്.

15, 16 തീയതികളിലായി സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച് യെദിയൂരപ്പ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച രണ്ട് കത്തുകളുണ്ട്. ഈ കത്തുകള്‍ വെള്ളിയാഴ്ച അന്തിമവാദത്തിന് മുമ്പ് ബിജെപി കോടതിയില്‍ ഹാജരാക്കണം. ആ കത്തുകളുടെ നിയമസാധുതയില്‍ കോടതിക്ക് എന്തെങ്കിലും സംശയമുണ്ടാകുകയാണെങ്കില്‍ ബിജെപിക്ക് എതിരാവും കാര്യങ്ങള്‍. കാരണം ആ കത്ത് ഒരു ചരിത്ര രേഖയാണ്. സര്‍ക്കാര്‍ രൂപീകരണ സമയത്ത് എത്ര എംഎല്‍എമാര്‍ ബിജെപിക്ക് ഒപ്പമുണ്ടെന്നതിന് തെളിവാണ് ആ കത്ത്. ഇനി എത്ര പേര്‍ കൂടെ നില്‍ക്കും എന്നതിന് പോലും അപ്പോള്‍ പ്രസക്തിയുണ്ടാവില്ല. ആ കത്തിലാണ് ബിജെപി സര്‍ക്കാരിന്റെ ഭാവി. അതുകൊണ്ടുതന്നെ സത്യപ്രതിജ്ഞയ്ക്ക് വിജയാഹ്ലാദമുണ്ടാകില്ല. രാജ്ഭവനിലെ ഒരു ചടങ്ങ് മാത്രമായി അത് ഒതുങ്ങും.

Tags:    

Similar News