ചീഫ് ജസ്റ്റിസിനെതിരെ പ്രതിഷേധിച്ച ജഡ്ജിമാരെ ഭരണഘടനാബെഞ്ചില്‍ ഉള്‍പ്പെടുത്തിയില്ല

Update: 2018-06-04 09:13 GMT
ചീഫ് ജസ്റ്റിസിനെതിരെ പ്രതിഷേധിച്ച ജഡ്ജിമാരെ ഭരണഘടനാബെഞ്ചില്‍ ഉള്‍പ്പെടുത്തിയില്ല
Advertising

ബെഞ്ചുകള്‍ തീരുമാനിക്കുന്നതില്‍ വിവേചനമുണ്ടെന്ന ആക്ഷേപം നിലനില്‍ക്കെയാണ് പ്രതിഷേധിച്ച മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കിയത്.

സുപ്രിംകോടതി പ്രതിസന്ധിയില്‍ വിട്ടുവീഴ്ചയില്ലാതെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. പ്രതിഷേധ ശബ്ദമുയര്‍ത്തിയ നാല് ജഡ്ജിമാരെ ഒഴിവാക്കി ചീഫ് ജസ്റ്റിസ് ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു. ജഡ്ജി ലോയയുടെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി മുതിര്‍ന്ന ജഡ്ജിമാര്‍ക്ക് വിടണമെന്ന ആവശ്യവും അംഗീകരിച്ചില്ല.

ജഡ്ജിമാര്‍ക്കിടയിലെ പ്രശ്നങ്ങള്‍ പരിഹരിച്ചു എന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലും ബാര്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയും അറിയിച്ചതിന് പിന്നാലെയാണ് പ്രശ്നങ്ങള്‍ തുടരുന്നു എന്ന് വ്യക്തമാക്കുന്ന തീരുമാനങ്ങള്‍ ചീഫ് ജസ്റ്റിസില്‍ നിന്നുണ്ടായിരിക്കുന്നത്. ആധാര്‍, ശബരിമല സ്ത്രീ പ്രവേശം, സ്വവര്‍ഗരതി തുടങ്ങിയ സുപ്രധാന കേസുകള്‍ പരിഗണിക്കാനായി പുതിയ ഭരണഘടനാ ബെഞ്ചിന് രൂപം നല്‍കിയപ്പോള്‍ അതില്‍ പ്രതിഷേധ ശബ്ദമുയര്‍ത്തിയ ജഡ്ജിമാരെ ഉള്‍പ്പെടുത്താന്‍ ചീഫ് ജസ്റ്റിസ് തയ്യാറായില്ല. ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് പുറമെ ജഡ്ജിമാരായ എ കെ സിക്രി, എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരാണ് ഭരണഘടനാ ബെഞ്ചിലുള്ളത്.

പ്രധാന കേസുകള്‍ പരിഗണിക്കേണ്ട ബെഞ്ചിനെ തീരുമാനിക്കുന്നതിലും അംഗങ്ങളെ നിശ്ചയിക്കുന്നതിലും ചീഫ് ജസ്റ്റിസ് സ്വന്തം നിലക്ക് തീരുമാനമെടുക്കുന്നു എന്നായിരുന്നു ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗഗോയ്, മദന്‍ ബി ലോകുര്‍, കുര്യന്‍ ജോസഫ് എന്നിവരുടെ പ്രധാന പരാതി. ഇതിന് പുറമെ ജഡ്ജി ലോയയുടെ ദുരൂഹ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി മുതിര്‍ന്ന ജഡ്ജിമാരുടെ ബെഞ്ചിന് വിടണം എന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യവും ചീഫ് ജസ്റ്റിസ് അംഗീകരിച്ചില്ല. ഈ കേസ് കഴിഞ്ഞ ദിവസം പരിഗണിച്ച ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അതേ ബെഞ്ച് തന്നെ നാളെയും പരിഗണിക്കും.

Tags:    

Similar News