ഡല്‍ഹിയില്‍ ഭരണ പ്രതിസന്ധി തുടരുന്നു: കെജ്‍രിവാളിന്റെ സമരം ഒന്‍പതാം ദിവസത്തില്‍
ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മനീഷ് സിസോദിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഐഎഎസ് ഉദ്യോഗസ്ഥര്‍ ചര്‍ച്ചക്ക് തയ്യാറായ സാഹചര്യത്തില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും സംയുക്തയോഗം വിളിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി. ഇക്കാര്യം ആവശ്യപ്പെട്ട് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കത്തെഴുതി. ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസില്‍ കെജ്‍രിവാള്‍ നടത്തുന്ന സമരം ഒന്‍പതാം ദിവസത്തിലേക്ക് കടന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മനീഷ് സിസോദിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിരാഹാര സമരം നടത്തിയിരുന്ന സത്യേന്ദ്ര ജയിനിനെയും മനീഷ് സിസോദിയയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ കെജ്‍രിവാളും മന്ത്രി ഗോപാല്‍ റായിയും മാത്രമാണ് സമരത്തില്‍ തുടരുന്നത്. ഇവര്‍ രണ്ട് പേരും നിരാഹാര സമരത്തില്‍ അല്ല.
ചര്‍ച്ചക്ക് തയ്യാറാണെന്ന് ഉദ്യോഗസ്ഥര്‍ നിലപാട് അറിയിച്ചതോടെ പ്രശ്നങ്ങള്‍ അവസാനിക്കാനുള്ള അനുകൂല സാഹചര്യം ഉടലെടുത്തിട്ടുണ്ട്. സര്‍ക്കാരിന്റെയും ഐഎഎസ് ഉദ്യോഗസ്ഥരുടെയും സംയുക്തയോഗം ലഫ്റ്റനന്‍റ് ഗവര്‍ണര്‍ വിളിക്കണമെന്ന ഏക ആവശ്യമാണ് ഇനി നിലനില്‍ക്കുന്നത്. ലഫ്റ്റനന്റ് ഗവര്‍ണര്‍ യോഗം വിളിക്കാന്‍ തീരുമാനിച്ചാല്‍ നിലവിലെ ഡല്‍ഹിയിലെ ഭരണ പ്രതിസന്ധി അവസാനിക്കും. ഈ ആവശ്യം ഉന്നയിച്ച് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കത്തയിച്ചിട്ടുണ്ട്.
സമരത്തിന് വിവിധ പാര്‍ട്ടികളില്‍ നിന്ന് ലഭിച്ച പിന്തുണയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് - ബിജെപി ഇതര പാര്‍ട്ടികളില്‍ നിന്ന് രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി നില്‍ക്കുന്നയാളെ ആം ആദ്മി പാര്‍ട്ടി പിന്തുണച്ചേക്കും. കെജ്‍രിവാളിന്റെയും മന്ത്രിമാരുടെയും സമരത്തെയും പ്രധാനമന്ത്രിയേയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്നലെ വിമര്‍ശിച്ചിരുന്നു.
നിലവിലെ സമരത്തില്‍ പ്രധാനമന്ത്രി ഇടപെടണം എന്ന് ആവശ്യപ്പെട്ട് 10 ലക്ഷം ഒപ്പുകള്‍ ശേഖരിക്കുന്ന പരിപാടിക്ക് ആം ആദ്മി പാര്‍ട്ടി ഇന്ന് തുടക്കം കുറിക്കും. ഇന്നലെ നടക്കേണ്ടിയിരുന്ന പരിപാടി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.