വീണ്ടും ജെ.ഡി.യു - ബി.ജെ.പി ഭിന്നത; നിതീഷ് കുമാര്‍ യോഗാ ദിനാചരണത്തില്‍ പങ്കെടുത്തില്ല
പാറ്റ്‌നയില്‍ ഗവര്‍ണറുടെ നേതൃത്വത്തില്‍ നടന്ന യോഗാദിനാചരണ പരിപാടികളില്‍ നിന്നാണ് നിതീഷ് വിട്ടുനിന്നത്.
അന്താരാഷ്ട്ര യോഗാ ദിനാചരണത്തില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇത്തവണയും പങ്കെടുത്തില്ല. പാറ്റ്‌നയില്‍ ഗവര്‍ണര്‍ സത്യപാല്‍ മലിക്കിന്റെ നേതൃത്വത്തില്‍ നടന്ന യോഗാദിനാചരണ പരിപാടികളില്‍ നിന്നാണ് നിതീഷ് വിട്ടുനിന്നത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും യോഗ പരിപാടിയില്‍ പങ്കെടുത്തില്ല.
നേരത്തെ മഹാസഖ്യത്തിന്റെ ഭാഗമായിരുന്നപ്പോള്‍ നിതീഷ് യോഗാ ദിനാചരണം സംഘടിപ്പിച്ചിരുന്നില്ല. പക്ഷേ ബി.ജെ.പിയുമായി സഖ്യമായതോടെ ഇത്തവണ നിതീഷ് പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. നിതീഷ് ബിഹാറിന് പ്രത്യേക സാമ്പത്തിക സഹായം അഭ്യര്‍ഥിച്ചിട്ടും മോദി സര്‍ക്കാര്‍ നല്‍കാതിരുന്നതിനാല്‍, ബി.ജെ.പിക്ക് താനും പ്രത്യേക പരിഗണന നല്‍കില്ലെന്ന സന്ദേശമാണ് വിട്ടുനിന്നതിലൂടെ നിതീഷ് നല്‍കുന്നതെന്ന് വിലയിരുത്തപ്പെടുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ചുള്ള ഇരുപാര്‍ട്ടികള്‍ക്കുമിടയിലെ ഭിന്നതയും നേരത്തെ പുറത്തുവന്നിരുന്നു.
ബിഹാറില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്, ഉപമുഖ്യമന്ത്രി സുശീല്‍മോദി എന്നിവര്‍ പങ്കെടുത്ത പരിപാടിയില്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ മാത്രമാണ് പങ്കെടുത്തത്. യോഗ ചെയ്യണോ എന്നത് വ്യക്തിപരമായ തീരുമാനമാണെന്നും പൊതുസ്ഥലത്തല്ല ചെയ്യേണ്ടതെന്നും ജെ.ഡി.യു വക്താവ് നീരജ് കുമാര്‍ പറഞ്ഞു.