കേക്ക് മുറിച്ച്, പാട്ട് പാടി മുംബൈ ജയിലില്‍ തടവുകാരിയുടെ മകന്റെ പിറന്നാളാഘോഷം
രണ്ട് വയസുകാരനായ റിഷികേശിന്റെ പിറന്നാളാണ് ജയിലധികൃതരും ജയില്‍പ്പുള്ളികളും ചേര്‍ന്ന് ആഘോഷമാക്കിയത്
ജയില്‍പ്പുള്ളിയായ സ്ത്രീയുടെ മകന്റെ പിറന്നാള്‍ ആഘോഷിച്ച് മാതൃകയായിരിക്കുകയാണ് മുംബൈ ബൈക്കുള്ള ജയില്‍. രണ്ട് വയസുകാരനായ റിഷികേശിന്റെ പിറന്നാളാണ് ജയിലധികൃതരും ജയില്‍പ്പുള്ളികളും ചേര്‍ന്ന് ആഘോഷമാക്കിയത്. ജൂണ്‍ 22നായിരുന്നു റിഷികേശിന്റെ പിറന്നാള്‍. അന്നേ ദിവസം കേക്ക് മുറിച്ച്, പാട്ടുപാടി ഡാന്‍സ് ചെയ്തായിരുന്നു ആഘോഷം തകര്‍പ്പനാക്കിയത്. പോരാത്തതിന് റിഷികേശിന് കൈ നിറയെ സമ്മാനങ്ങളും കിട്ടി.
ഇതാദ്യമായിട്ടാണ് ബൈക്കുള്ള ജയിലില്‍ ഒരു കുട്ടിയുടെ പിറന്നാള്‍ ആഘോഷിക്കുന്നത്. ജയില്‍പ്പുള്ളികളായ സ്ത്രീകള്‍ പ്രസവിക്കുന്ന കുട്ടികള്‍ക്ക് സ്നേഹവും പരിചരണവും ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായിട്ടാണ് ആഘോഷം സംഘടിപ്പിച്ചത്. ഇനി മുതല്‍ എല്ലാം കുഞ്ഞുങ്ങളുടെയും പിറന്നാള്‍ ആഘോഷിക്കുമെന്ന് ബൈക്കുള്ള ജയില്‍ സൂപ്രണ്ട് അരുണ മുഗുത്രോ പറഞ്ഞു. കുട്ടികള്‍ തടവുകാരല്ല എന്ന് അവരെ മനസിലാക്കിക്കൊടുക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരം ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്രയില്‍ ആറ് വയസില്‍ താഴെയുള്ള കുട്ടികളെ ജയില്‍പ്പുള്ളികളായ അമ്മയുടെ കൂടെ നിര്‍ത്താം. 388 വനിതാ തടവുകാരാണ് ബൈക്കുള്ള ജയിലില്‍ ഉള്ളത്. 13 ആണ്‍കുട്ടികളും എട്ട് പെണ്‍കുട്ടികളുമായി 21 കുട്ടികളും ജയിലില്‍ ഉണ്ട്.
ഇതിന് മുന്‍പ് പുതുവര്‍ഷം, ദീപാവലി, ഈദ് ആഘോഷങ്ങളും ജയിലില്‍ സംഘടിപ്പിച്ചിരുന്നു. കുട്ടികള്‍ മാത്രമല്ല ഓരോ തടവുകാരിയും ആഘോഷങ്ങളില്‍ പങ്കുചേരാറുണ്ട്. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് മൂന്ന് മാസം പ്രായമുള്ള അര്‍മാനിന്റെ പേരിടല്‍ ചടങ്ങും തടവറയ്ക്കുള്ളില്‍ നടന്നിരുന്നു. ഒരു വനിതാ കോണ്‍സ്റ്റബിളാണ് പേരിട്ടത്. കുട്ടികള്‍ക്കായുള്ള കളിപ്പാട്ടങ്ങളും മറ്റ് വസ്തുക്കളും ജയിലധികൃതര്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.