കനത്ത മഴയും വെള്ളപ്പൊക്കവും: നേപ്പാളിലെ ഇന്ത്യന്‍ തീര്‍ത്ഥാടകരെ തിരിച്ചെത്തിക്കാനുള്ള ശ്രമം തുടരുന്നു
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ച മലയാളിയടക്കമുള്ള രണ്ട് തീര്‍ത്ഥാടകരുടെ മൃതദേഹം ഇന്നലെ തന്നെ കാഠ്മണ്ഡുവിലെത്തിച്ചു. മൃതദേഹങ്ങള്‍ ഇന്ന് ഡല്‍ഹിയിലെത്തിച്ചേക്കും.
കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നേപ്പാളിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ തീര്‍ത്ഥാടകരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഇന്നും തുടരും. കഴിഞ്ഞ ദിവസം 104 ഇന്ത്യക്കാരെ നേപ്പാളിലെ സിലിക്കോട്ട് മേഖലയില്‍ നിന്നും രക്ഷപ്പെടുത്തിയിരുന്നു. കാലാവസ്ഥ പ്രതികൂലമായതോടെ ഇന്നലെ രക്ഷാപ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിവെച്ചു.
7 വിമാനങ്ങളിലായാണ് 104 തീര്‍ത്ഥാടകരെ സിമിക്കോട്ടില്‍ നിന്നും ബേസ് ക്യാമ്പായ നേപ്പാള്‍ ഗഞ്ചിലെത്തിച്ചത്. ഇതിന് പുറമെ നേപ്പാള്‍ സര്‍ക്കാരിന്റെ 11 ഹെലികോപ്റ്ററുകളും ഏതാനും സ്വകാര്യ ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തിനത്തിലേര്‍പ്പെടുന്നുണ്ട്.
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ച മലയാളിയടക്കമുള്ള രണ്ട് തീര്‍ത്ഥാടകരുടെ മൃതദേഹം ഇന്നലെ തന്നെ കാഠ്മണ്ഡുവിലെത്തിച്ചു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ ഇന്ന് ഡല്‍ഹിയിലെത്തിച്ചേക്കും.
കാലാവസ്ഥ പ്രതികൂലമായതോടെ ഇന്നലെ വൈകുന്നേരത്തോടെ രക്ഷാപ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. തീര്‍ത്ഥാടകരെല്ലാം സുരക്ഷിതരാണെന്നും കാലാവസ്ഥ അനുകൂലമാകുന്നതോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കുമെന്നും ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു.
കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഭക്ഷണവും മരുന്നുമടക്കവുമുള്ള അവശ്യസേവനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. നേരത്തെ വിഷയത്തില്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും ഇടപെട്ടിരുന്നു.
100 ലേറെ മലയാളികള്‍ ഉള്‍പ്പെടെ 1575 മാനസസരോവര്‍ തീര്‍ത്ഥാടകരാണ് കനത്ത മഴയിലും മണ്ണിടിച്ചിലിലും നേപ്പാളിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയിരുന്നത്.