കൊലയാളിയെന്ന് ആരോപണം; യുവാവിനെ ആള്‍ക്കൂട്ടം കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്കെറിഞ്ഞു
കൊലക്ക് ശേഷം രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാവിനെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് താഴേക്ക് തള്ളിയിട്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കൊലയാളിയെന്ന് ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം ബഹുനില കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് താഴേക്കെറിഞ്ഞു. കൊലക്ക് ശേഷം രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാവിനെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് താഴേക്ക് തള്ളിയിട്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിഹാറിലെ നളന്ദയിലാണ് സംഭവം.
പൊലീസ് എത്തിയതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ശക്തമായിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒമ്പതു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രജനീകാന്ത് സിന്‍ഹ എന്നയാളെയാണ് ആള്‍ക്കൂട്ടം കെട്ടിടത്തില്‍ നിന്ന് തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചത്. ദിവാകര്‍ കുമാര്‍ എന്നയാളെ വെടിവെച്ച് കൊന്നതിന് ശേഷം രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് രജനീകാന്തിനെ ആള്‍ക്കൂട്ടം കെട്ടിടത്തില്‍ നിന്ന് തള്ളിയിട്ടത്. രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അടുത്തിടെ സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു.