സ്വവര്‍ഗരതിക്കേസില്‍ നിലപാടില്ലാതെ കേന്ദ്ര സര്‍ക്കാര്‍
ഇഷ്ടമുള്ള പങ്കാളിയെ തിരഞ്ഞെടുക്കാമെന്ന് ഹാദിയ കേസിൽ പറഞ്ഞിട്ടുണ്ട്. പക്ഷെ ആ പേരിൽ സ്വന്തം സഹോദരിയെ വിവാഹം കഴിക്കാൻ ആകില്ല. മൃഗങ്ങളുമായുള്ള വേഴ്ച, വ്യഭിചാരം എന്നിവ അനുവദിക്കാൻ ആകില്ല.
സ്വവര്‍ഗരതിക്കേസില്‍ സുപ്രിംകോടതിയില്‍ കൃത്യമായ നിലപാട് എടുക്കാതെ കേന്ദ്ര സര്‍ക്കാര്‍. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഐ.പി.സി 377 ാം വകുപ്പിന്‍റെ സാധുത കോടതിക്ക് തീരുമാനിക്കാം എന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. പ്രായ പൂര്‍ത്തിയായവര്‍ ലിംഗഭേദമില്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ക്രിമിനല്‍ കുറ്റമല്ലാതാക്കുമെന്ന് കോടതി വ്യക്തമാക്കി.
സ്വരവര്‍ഗരതിയെ അനുകൂലിക്കണോ എതിര്‍ക്കണോ എന്നതില്‍ ബി.ജെ.പിക്കുള്ളില്‍ ഭിന്നാഭിപ്രായം ശക്തമാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് കോടതിയില്‍ കൃത്യമായ നിലപാട് എടുക്കാതെ കേന്ദ്രസര്‍ക്കാര്‍ വാദം തുടരുന്നത്. കേസില്‍ ഇന്ന് സത്യവാങ് മൂലം സമര്‍പ്പിച്ചെങ്കിലും സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമായി നിലനിര്‍ത്തണോ വേണ്ടയോ എന്നതില്‍ സര്‍ക്കാര്‍ അഭിപ്രായം പറഞ്ഞില്ല. ഇക്കാര്യത്തില്‍ കോടതിക്ക് തീരുമാനം എടുക്കാം എന്ന് അഡീഷണല്‍ സോളിറ്റിറല്‍ ജനറല്‍ തുഷാര്‍ മെഹ്ത വ്യക്തമാക്കി. ഇഷ്ടമുള്ള പങ്കാളിയെ തിരഞ്ഞെടുക്കാമെന്ന് ഹാദിയ കേസിൽ പറഞ്ഞിട്ടുണ്ട്. പക്ഷെ ആ പേരിൽ സ്വന്തം സഹോദരിയെ വിവാഹം കഴിക്കാൻ ആകില്ല. മൃഗങ്ങളുമായുള്ള വേഴ്ച, വ്യഭിചാരം എന്നിവ അനുവദിക്കാൻ ആകില്ല. ഇത് കുറ്റമാണോ എന്നതില്‍ കോടതി വ്യക്തത വരുത്തണം എന്നും കേന്ദ്രം ആവശ്യപ്പെട്ടു.
വാദത്തിനിടെ സുപ്രീം കോടതിയില്‍ നിന്ന് ഇന്നും നിര്‍ണായക പരാമര്‍ശങ്ങളുണ്ടായി. പ്രയാപൂര്‍ത്തി ആയവര്‍ പരസ്‍പര സമ്മതത്തോടെ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് കുറ്റകരം അല്ലാതാക്കാം. അത്തരത്തില്‍ ഉത്തരവിറക്കുന്ന കാര്യം പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണ ഘടന ബഞ്ച് വ്യക്തമാക്കി. ഈ കേസില്‍ കേന്ദ്രത്തിനായി ഹാജരാകില്ലെന്നും സര്‍ക്കാരിന്‍റെയും തന്‍റെയും നിലപാട് വ്യത്യസ്തമാണെന്നും നേരത്തെ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പറഞ്ഞിരുന്നു.