പൌരത്വം തെളിയിക്കല്‍: അസമിലെ ജീവിതം കൂടുതല്‍ ദുരിതത്തില്‍
പൌരത്വമുള്ളവരെന്നോ പൌരത്വമില്ലാത്തവരെന്നോ വേണമെങ്കില്‍ ജനങ്ങളെ വിശേഷിപ്പിക്കാം. എന്നാല്‍ സംശായസ്പദമായ പൌരന്മാര്‍ എന്ന് വിശേഷിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും സമിതി പറഞ്ഞു.
പൗരത്വം തെളിയിക്കാന്‍ അസമിലെ ജനങ്ങള്‍ക്ക് കൃത്യമായ അവസരം ലഭിച്ചില്ലെന്ന് സംസ്ഥാനം സന്ദര്‍ശിച്ച വസ്തുതാന്വേഷണ സമിതി. സംശയാസ്പദായ പൗരത്വം ഉള്ളവർ എന്ന് എൻ.ആര്‍.സി രജിസ്റ്ററില്‍ രേഖപ്പെടുത്തിയതിനെയും സമിതി എതിർത്തു. പൌരത്വ രജിസ്റ്ററിന്‍റെ അന്തിമ കരട് ഈ മാസം 30 ന് പ്രസിദ്ധീകരിക്കാനിരിക്കെ സംസ്ഥാനത്ത് ജനജീവിതം സങ്കീർണമാക്കുന്നു എന്നാണ് സമിതിയുടെ കണ്ടെത്തല്‍.
പലരുടെയും താത്ക്കാലിക വിലാസത്തിലേക്കാണ് പൌരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട രേഖകള്‍ എൻ.ആര്‍.സി ഉദ്യോഗസ്ഥര്‍ അയച്ചത്. ജനങ്ങള്‍ക്ക് ഇത് ലഭിക്കാത്ത സാഹചര്യമുണ്ടായി. മറ്റു ചിലര്‍ താമസിക്കുന്നത് ബ്രഹ്മപുത്ര നദീതടത്തിലാണ്, എല്ലാ മഴക്കാലങ്ങളിലും ഈ മേഖലകളില്‍ വെള്ളപ്പൊക്കമുണ്ടാകുന്നതിനാല്‍ പൌരത്വ രേഖകള്‍ നശിച്ചു പോയി.
ചിലയാളുകളെ ഇന്ത്യന്‍ പൌരന്‍മാരല്ലെന്ന് എൻ.ആര്‍.സി ഏകപക്ഷീയമായി പ്രഖ്യാപിച്ചതോടെ ഇവരില്‍ പലരും ഇപ്പോള്‍ ജയിലുകളിലാണ്. ഔദ്യോഗിക രേഖകള്‍ ലഭ്യമാകാത്തിനാല്‍ ഇക്കാര്യം മേല്‍ക്കോടതിയില്‍ ചോദ്യം ചെയ്യാനാകുന്നില്ല. സ്ത്രീകള്‍ അങ്ങേയറ്റം ദുരിത ജീവിതമാണ് നയിക്കുന്നതെന്നും വസ്തുതാന്വേഷണ സമിതി കുറ്റപ്പെടുത്തി. അമ്മമാരും കുട്ടികളും വേര്‍പിരിഞ്ഞു നില്‍ക്കുകയാണ്. അമ്മമാരില്‍ ചിലര്‍ ഡിറ്റന്‍ഷന്‍ സെന്‍ററുകളിലാണ്.
പൌരത്വമുള്ളവരെന്നോ പൌരത്വമില്ലാത്തവരെന്നോ വേണമെങ്കില്‍ ജനങ്ങളെ വിശേഷിപ്പിക്കാം. എന്നാല്‍ സംശായസ്പദമായ പൌരന്മാര്‍ എന്ന് വിശേഷിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും സമിതി പറഞ്ഞു. ജൂലായ് 30 ന് എൻ.ആര്‍.സി യുടെ അന്തിമ കരട് പുറത്ത് വരുന്നതോടെ പൌരന്മാരല്ലെന്ന് വിധിക്കപ്പെടുന്നവരുടെ ജീവിതം നരകതുല്യമാകുമെന്നും സമിതി വിലയിരുത്തി.