ഓസ്‌ട്രേലിയയിലെ മാസ്റ്റര്‍ ഷെഫ് മല്‍സരത്തില്‍ ഇന്ത്യക്കാരന്‍ വിജയി, സമ്മാനം ഒരു കോടി എഴുപത്തിയൊന്നു ലക്ഷം രൂപ!
അഡലെയ്ഡില്‍ ജയില്‍ ഗാര്‍ഡായി ജോലി ചെയ്യുന്ന സാഷി നൂറില്‍ തൊണ്ണൂറ്റിമൂന്ന് പോയിന്റ് നേടിയാണ് ഒന്നാമതെത്തിയത്
ഓസ്‌ട്രേലിയയില്‍ നടന്ന മാസ്റ്റര്‍ ഷെഫ് ഓസ്‌ട്രേലിയ 2018 മല്‍സരത്തില്‍ ഇന്ത്യക്കാരനായ സാഷി ചെലിയാ വിജയിയായി . അഡലെയ്ഡില്‍ ജയില്‍ ഗാര്‍ഡായി ജോലി ചെയ്യുന്ന സാഷി നൂറില്‍ തൊണ്ണൂറ്റിമൂന്ന് പോയിന്റ് നേടിയാണ് ഒന്നാമതെത്തിയത്. 250,000 ഓസ്ട്രേലിയന്‍ ഡോളറാണ് ( 1,71,28,750.00 രൂപ) ഒന്നാം സമ്മാനം. മാസ്റ്റര്‍ഷെഫ് ഓസ്‌ട്രേലിയ ട്രോഫിയും 1,71,28,750.00 ലക്ഷം രൂപയുമാണ് സാഷിക്കു ലഭിച്ചത്. രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ബെന്‍ ബോര്‍ഷിന് 77 പോയിന്റ് ആണ് ലഭിച്ചത്. ഇരുപത്തിയേഴു ലക്ഷമാണ് ബോര്‍ഷിനു ലഭിച്ചത്.
കോയമ്പത്തൂര്‍ സ്വദേശിയാണ് സാഷി. സാഷി ആദ്യഘട്ടത്തില്‍ തയ്യാറാക്കിയ സാമ്പല്‍ പ്രോണ്‍സ് സ്റ്റാര്‍ട്ടറിന് മുപ്പതു പോയിന്റ് ലഭിച്ചിരുന്നു. ശേഷം തയ്യാറാക്കിയ മീന്‍കറി 27 പോയിന്റും നേടി. എന്നാല്‍ ബോര്‍ഷിന് ആദ്യഘട്ടത്തില്‍ നേടാനായത് നാല്‍പത്തിയൊന്നു പോയിന്റ് മാത്രമാണ്. രണ്ടാംഘട്ടത്തില്‍ സാഷിയേക്കാള്‍ മുന്നിട്ടു നിന്നത് ബോര്‍ഷ് ആയിരുന്നു. ഓസ്ട്രേലിയയിലെ പ്രശസ്ത ഷെഫുകളായി മാറ്റ് പ്രസ്തണ്‍, ജോര്‍ജ്ജ് കാലോമ്പാറിസ്, ഗ്യാരി മേഗന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഫൈനല്‍.
തന്റെ കൂടുംബമാണ് തന്റെ ഏറ്റവും വലിയ ശക്തിയും പ്രചോദനവുമെന്ന് സാഷി പറഞ്ഞു. സമ്മാനത്തുക കൊണ്ട് ഇന്ത്യന്‍ ആന്‍ഡ് സൌത്ത് ഈസ്റ്റ് ഏഷ്യന്‍ ഫ്യൂഷന്‍ റസ്റ്റോറന്റ് തുടങ്ങുക എന്നതാണ് സാഷിയുടെ ആഗ്രഹം. ജയില്‍മോചിതരായവര്‍ക്ക് ജോലി നല്‍കുമെന്നും സാഷി പറയുന്നു. പന്ത്രണ്ട് വര്‍ഷം സിംഗപ്പൂരില്‍ പൊലീസ് ഓഫീസറായി സേവനമനുഷ്ഠിച്ച സാഷി അഡ്‍ലെയ്ഡിലേക്ക് മാറിയത് ആറ് വര്‍ഷം മുന്‍പാണ്.