കരുണാനിധിയുടെ നില ഗുരുതരം; ചികിത്സയോട് പ്രതികരിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍
24 മണിക്കൂര്‍ നിരീക്ഷണത്തിനു ശേഷമെ ആരോഗ്യകാര്യത്തിലെ പുരോഗതി അറിയാന്‍ കഴിയു എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്
രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന് ചെന്നൈ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ച, ഡി.എം.കെ പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ എം. കരുണാനിധിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. 24 മണിക്കൂര്‍ നിരീക്ഷണത്തിനു ശേഷമെ ആരോഗ്യകാര്യത്തിലെ പുരോഗതി അറിയാന്‍ കഴിയു എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ആരോഗ്യനില വഷളായി എന്നറിഞ്ഞതോടെ ആശുപത്രിയിലേയ്ക്ക് അണികളുടെ ഒഴുക്കാണ്.
ഇതാണ് ആശുപത്രിയ്ക്ക് മുന്‍പിലെ അവസ്ഥ. കരുണാനിധിയുടെ നില മെച്ചപ്പെട്ടതിനെ തുടര്‍ന്ന്, ആശുപത്രിയില്‍ നിന്ന് മടങ്ങിയ പ്രവര്‍ത്തകരെല്ലാം തിരികെയെത്തിയിരിയ്ക്കുന്നു. രാപ്പകലില്ലാതെ ആശുപത്രിയ്ക്കു മുന്‍പില്‍ തുടരുകയാണിവര്‍. കലൈഞ്ജര്‍ക്ക് എന്തു പറ്റിയെന്ന ആശങ്കയുമായി. ഇന്നലെ വൈകിട്ട് ആറരയ്ക്കാണ് മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറങ്ങിയത്. ഇതില്‍ കരുണാനിധിയുടെ ആരോഗ്യാവസ്ഥ ഗുരുതരമാണെന്ന് പറഞ്ഞിരുന്നു.
വാര്‍ധക്യ സഹജമായ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ചികിത്സയോട് പ്രതികരിയ്ക്കുന്നില്ലെന്നും വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ തീവ്ര ചികിത്സ തുടരുകയാണെന്നും ബുള്ളറ്റിനില്‍ ഉണ്ട്. ഇന്ന് വൈകിട്ട് മറ്റൊരു ബുള്ളറ്റിന്‍ കൂടി ഇറങ്ങുമെന്നാണ് സൂചന. പോണ്ടിച്ചേരി മുഖ്യമന്ത്രി വി. നാരായണസാമി, എം.ഡി.എം.കെ ജനറൽ സെക്രട്ടറി വൈകോ തുടങ്ങിയവര്‍ ഇന്ന് കരുണാനിധിയെ സന്ദര്‍ശിച്ചു.