ഇന്ത്യന്‍ കറന്‍സി ചൈന അച്ചടിച്ച് നല്‍കുന്നു?

‘എന്തുകൊണ്ട് ഇന്ത്യയടക്കം വിവിധ രാജ്യങ്ങള്‍ കറന്‍സി അച്ചടിക്കാന്‍ ചൈനക്ക് ലൈസന്‍സ് നല്‍കുന്നു?’ എന്ന തലക്കെട്ടില്‍ സൌത്ത് ചൈന മോണിംങ് പോസ്റ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഈ അവകാശവാദം.

Update: 2018-08-13 12:26 GMT
Advertising

മറ്റു പല രാജ്യങ്ങളുടെ കറന്‍സികളോടൊപ്പം ഇന്ത്യന്‍ കറന്‍സിയും തങ്ങള്‍ പ്രിന്റ് ചെയ്യുന്നതായി ചൈന. 'എന്തുകൊണ്ട് ഇന്ത്യയടക്കം വിവിധ രാജ്യങ്ങള്‍ കറന്‍സി അച്ചടിക്കാന്‍ ചൈനക്ക് ലൈസന്‍സ് നല്‍കുന്നു?' എന്ന തലക്കെട്ടില്‍ സൌത്ത് ചൈന മോണിംങ് പോസ്റ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഈ അവകാശവാദം. ചൈനീസ് ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലുള്ള കമ്പനികള്‍ക്ക് ഇതിനായി ലൈസന്‍സ് ലഭിച്ചിരിക്കുന്നതായാണ് ലേഖനത്തില്‍ പറയുന്നത്. ഇത്തരത്തില്‍ വന്‍തോതില്‍ ചൈന മറ്റു രാജ്യങ്ങളുടെ കറന്‍സികള്‍ പ്രിന്റ് ചെയ്യുന്നതായും ആര്‍ട്ടിക്കിള്‍ വ്യക്തമാക്കുന്നു.

''ബെല്‍റ്റ് ആന്റ് റോഡ് സംരംഭത്തിന്റെ ഭാഗമായി, ചൈനീസ് കമ്പനിയായ ‘ചൈന ബാങ്ക്നോട്ട് പ്രിന്റിംങ് ആന്റ് മൈനിംങ് കോര്‍പറേഷന്’ തായ്ലന്റ്, ബംഗ്ലാദേശ്, ശ്രീലങ്ക, മലേഷ്യ, ഇന്ത്യ, ബ്രസീല്‍, പോളണ്ട് എന്നീ രാജ്യങ്ങളുടെ കറന്‍സി നിര്‍മിക്കുവാന്‍ അവസരം ലഭിച്ചിരിക്കുന്നു.'' ലേഖനത്തില്‍ പറയുന്നു. സാമ്പത്തിക രംഗത്തെ വളര്‍ച്ച ലക്ഷ്യമാക്കി വന്‍തോതില്‍ മുടക്കുമുതല്‍ ഇറക്കിയുള്ള സംരംഭങ്ങള്‍ ആസൂത്രണം ചെയ്യുന്ന പദ്ധതിയാണ് ബെല്‍റ്റ് ആന്റ് റോഡ് പദ്ധതി. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള 60രാജ്യങ്ങളെ കൂട്ടിച്ചേര്‍ത്ത് 2013ലാണ് ചൈന ഇതിന് തുടക്കം കുറിച്ചത്.

എന്നാല്‍ ഇന്ത്യന്‍ കറന്‍സി ചൈന അച്ചടിക്കുന്നുവെന്ന വാര്‍ത്ത ആര്‍ബിഐ നിഷേധിച്ചു. ഇന്ത്യന്‍ കറന്‍സി ഇന്ത്യക്കുള്ളില്‍ മാത്രമാണ് അച്ചടിക്കുന്നതെന്നാണ് ആര്‍.ബി.ഐയുടെ പ്രതികരണം.

വാര്‍ത്ത ട്വിറ്ററില്‍ വന്‍വിവാദത്തിനാണ് വഴിതെളിച്ചിരിക്കുന്നത്. സംഭവത്തില്‍ പലരും ആശങ്ക പ്രകടിപ്പിച്ചു. ശശി തരൂര്‍ അടക്കമുള്ള പ്രമുഖര്‍ പ്രതികരണവുമായി രംഗത്തെത്തി. ''ഇന്ത്യയുടെ കറന്‍സി അച്ചടിക്കുവാന്‍ ചൈനക്ക് അനുമതി നല്‍കിയിട്ടുണ്ടെങ്കില്‍ അത് വലിയ സുരക്ഷാപ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും.'' ശശി തരൂര്‍ പറഞ്ഞു.

Tags:    

Similar News