വാജ്പേയി കാലത്തെ വിവാദങ്ങൾ

വാജ്പേയി എന്ന ആദര്‍ശരാഷ്ട്രീയക്കാരനുളളിലെ ഇരട്ടവ്യക്തിത്വത്തിന്റെ മിന്നലാട്ടം പലപ്പോ‍ഴായി വെളിച്ചത്ത് വന്ന ഘട്ടമായിരുന്നു രാമജന്മഭൂമി വിവാദം.

Update: 2018-08-16 13:48 GMT
Advertising

ബാബരി മസ്ജിദിന്റെ തകര്‍ച്ച

വാജ്പേയി എന്ന ആദര്‍ശരാഷ്ട്രീയക്കാരനുളളിലെ ഇരട്ടവ്യക്തിത്വത്തിന്റെ മിന്നലാട്ടം പലപ്പോ‍ഴായി വെളിച്ചത്ത് വന്ന ഘട്ടമായിരുന്നു രാമജന്മഭൂമി വിവാദം. അദ്വാനി 80കളിലും, 90കളിലും ഹിന്ദുത്വത്തിന്റെ തീവ്രമുഖം പുറത്തെടുത്തപ്പോള്‍ അതിനൊക്കെ മൗനാനുവാദം നല്‍കുന്ന നിലപാടാണ് വാജ്പേയി സ്വീകരിച്ചത്. 1989 ല്‍ ഹിമാചല്‍ പ്രദേശിലെ പലംപൂര്‍ നഗരത്തില്‍ കൂടിയ ബി.ജെ.പി ദേശീയ നേതൃയോഗം വി.എച്ച്.പിയുടെ രാമജന്മഭൂമി സമരത്തില്‍ പങ്കാളിയാകുവാന്‍ തീരുമാനിച്ചപ്പോള്‍ ഒരു വാക്കുകൊണ്ടുപോലും വാജ്പേയി എതിര്‍ത്തിരുന്നില്ല.

1990 ല്‍ എല്‍.കെ അദ്വാനിയുടെ രഥയാത്രയെ ശ്രീരാമനും വാനരസേനയും രാവണനിഗ്രഹത്തിന് പോവുകയാണെന്ന് വിശേഷിപ്പിച്ച് പരിഹസിക്കുകയും പാര്‍ട്ടിക്കുളളില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്ന വാജ്പേയി പക്ഷെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ രാമതരംഗം ഇളകുന്നുണ്ടെന്ന് മനസ്സിലാക്കി 1991 ഏപ്രില്‍ നാലിന് ഡല്‍ഹി ബോട്ട് ക്ലബ് മൈതാനിയിലെ പ്രസംഗത്തില്‍ ക്ഷേത്രനിര്‍മാണത്തെ അനുകൂലിച്ചുകൊണ്ട് വാചാലനായി. രാമക്ഷേത്രത്തിന് അനുകൂലമായി യുക്തിപൂര്‍വ്വം വാജ്പേയി ഉന്നയിച്ച വാദഗതികള്‍ കേള്‍വിക്കാരെ ഇളക്കി മറച്ചു. അത്രയും കാവ്യമനോഹരമായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.

ബാബറി മസ്ജിദ് തകര്‍ക്കപ്പെടുന്നതിന്റെ തലേദിവസം വാജ്പേയി ലക്നൗവിലെ ആമിനബാദില്‍ കര്‍സേവകരെ അഭിസംബോധന ചെയ്തു പറഞ്ഞു: ''അയോധ്യയില്‍ ഏതാനും മണിക്കൂറിനുളളില്‍ നടക്കുന്ന കര്‍സേവായജ്ഞം പരമോന്നത നീതിപീഠം തടഞ്ഞിട്ടില്ല. അതിനാല്‍ നമ്മള്‍ കോടതിയെ അപമാനിക്കുകയല്ല, ബഹുമാനിക്കാന്‍ പോവുകയാണ്...''

അന്ന് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദുഃഖകരമായ സംഭവത്തിന് വാക്കുകളിലൂടെ ആവേശം പകര്‍ന്ന വാജ്പേയി പക്ഷെ ലോക്സഭയിലെ ചര്‍ച്ചകളില്‍ ഇടപെട്ടുകൊണ്ട് പറഞ്ഞത് "അക്രമത്തിലൂടെ ഒരു ക്ഷേത്രം നിര്‍മിച്ചാല്‍ അത് വെറും ക്ഷേത്രം മാത്രമായിരിക്കും, രാമക്ഷേത്രമാവില്ല" എന്നായിരുന്നു. മസ്ജിദ് തകര്‍ക്കപ്പെട്ടത്തിനുശേഷം 17 വര്‍ഷമെടുത്ത് ജസ്റ്റിസ് ലിബര്‍ഹാന്‍ കമ്മീഷന്‍ തയ്യാറാക്കിയ അനേഷ്വണ റിപ്പോര്‍ട്ടില്‍ 60 അപരാധികളുടെ പട്ടികയില്‍ ഏ‍ഴാം സ്ഥാനത്തു വന്നു വാജ്പേയി.

ഗുജറാത്ത് കലാപം

2002 ലെ ഗുജറാത്ത് കലാപസമയത്ത് നരേന്ദ്ര മോദിക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നപ്പോള്‍ മോദിയെ പിന്തുണക്കുന്ന നിലപാട് സ്വീകരിച്ച വാജ്പേയി 2004 ലെ പൊതു തിരഞ്ഞെടുപ്പിനു ശേഷം ബി.ജെ.പിക്ക്‌ ഉണ്ടായ പരാജയത്തിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിച്ചത് ഗുജറാത്ത് കലാപമായിരുന്നു എന്നതും അദ്ദേഹത്തിന്റെ ആദര്‍ശവ്യക്തിത്വത്തെ ചോദ്യം ചെയ്തു.

പാര്‍ലമെന്റ് ആക്രമണം

2001 ഡിസംബര്‍ 13 ലെ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണ സമയത്തും വാജ്പേയിയായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി.

Tags:    

Similar News