വിട വാങ്ങിയത് കലാഹൃദയനായ രാഷ്ട്രീയക്കാരന്‍

ദേശീയതയും മാനുഷിക മൂല്യങ്ങളുമായിരുന്നു വാജ്പേയി കവിതകളുടെ പ്രത്യേകത

Update: 2018-08-17 02:47 GMT
Advertising

രാജ്യം കണ്ട മികച്ച ഭരണാധികാരികളിലൊരാള്‍ എന്നതിലുപരി മികച്ച കവിയായിരുന്നു അടല്‍ ബിഹാരി വാജ്പേയ്. ദേശീയതയും മാനുഷിക മൂല്യങ്ങളുമായിരുന്നു വാജ്പേയി കവിതകളുടെ പ്രത്യേകത. പ്രസംഗങ്ങളില്‍ കവിത ചേര്‍ത്തുള്ള ശൈലി എതിരാളികളെപ്പോലും ആകര്‍ഷിച്ചിരുന്നു.

ഹിന്ദി കവിയായിരുന്ന മുത്തച്ഛന്‍ ശ്യാംലാലിന്റെ പാരമ്പര്യമാണ് അടല്‍ ബിഹാരി വാജ്പേയിക്ക് ലഭിച്ചത്. സാഹിത്യത്തിന് സാമൂഹ്യപ്രതിബദ്ധതതയും ഉത്തരവാദിത്തവും ഉണ്ടെന്ന് വിശ്വസിച്ച അദ്ദേഹത്തെ സ്വാധിനിച്ചത് പുരാണങ്ങളാണ്. ലളിതമായ ഭാഷയിലായിരുന്നു വാജ്പേയിയുടെ കവിതകളും രചനകളും.

സാംസ്കാരിക വൈവിധ്യത്താല്‍ സമ്പുഷ്ടമായ രചനകളില്‍ ശക്തമായ രാഷ്ട്രീയവുമുണ്ടായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് ജയിലില്‍ വെച്ചെഴുതിയ ജൂക്ക് നഹീം സക്തേ എന്ന കവിതയുടെ പ്രമേയം അടിച്ചമര്‍ത്തലിന്റെ രാഷ്ട്രീയമാണ്.

പ്രസംഗ പീഠങ്ങളിലും കവിതകളിലൂടെ വാജ്പേയി ജനമനസുകളിലേക്ക് ഊര്‍ന്നിറങ്ങി. രാഷ്ട്രീയവും സാഹിത്യവും രണ്ടാണെന്ന ഭാവം അദ്ദേഹത്തിനില്ലായിരുന്നു. സാഹിത്യവാസനയുള്ള രാഷ്ട്രീയക്കാരന്‍ മനുഷ്യനെ മനസിലാക്കുന്നതില്‍ ഏറെ മുന്നിലായിരിക്കുമെന്നും വാജ്പേയ് വിശ്വസിച്ചു. മേരി ഇക്ക്യാവനാ കവിതേം, അമര്‍ ആഗ് ഹെയ്, സങ്കല്‍പ് കാല്‍ തുടങ്ങിയ കവിതകളും, ഇന്ത്യയുടെ വിദേശ നയം പുതിയ മാനങ്ങള്‍, ദേശീയോദ്ഗ്രഥനം, ആസ്യാന്‍ ഏഷ്യാ പസഫിക് മേഖലഖില്‍ ഇന്ത്യയുടെ സ്ഥാനം എന്നീ കൃതികളും അദ്ദേഹം രചിച്ചിട്ടുണ്ട്.

Tags:    

Similar News