ആർ.എസ്.എസ് ഇന്ത്യയിലെ ‘മുസ്‍ലിം ബ്രദർഹുഡ്’: രാഹുൽ ഗാന്ധി
മതേതരത്വത്തിനും സഹവർത്തിത്വത്തിനും പ്രാമുഖ്യം നൽകികൊണ്ടുള്ള ഇന്ത്യയുടെ പാരമ്പര്യത്തിനു പകരം വെറുപ്പിലും വർഗീയതയിലും അടിസ്ഥാനമാക്കിയുള്ള ഒരു രാജ്യത്തിനാണ് ആർ.എസ്.എസ് ലക്ഷ്യമിടുന്നതെന്നും, പശ്ചിമേഷ്യയിൽ മുസ്‍ലിം ബ്രദർഹുഡ് പ്രവർത്തിക്കുന്നത് പോലെയാണ് അവർ ഇന്ത്യയിൽ പ്രവർത്തിക്കുന്നതെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. ലണ്ടൺ ആസ്ഥാനമായുള്ള ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്ട്രാറ്റജിക്ക് സറ്റഡീസിൽ സംസാരിക്കവേയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
ഇന്ത്യയെ കാവിവത്ക്കരിക്കുകയാണ് സംഘ് സംഘടനകളുടെ ലക്ഷ്യം. ജനങ്ങളിൽ വെറുപ്പ് സൃഷ്ടിക്കുകയും അതുവഴി രാജ്യത്തെ വിഘടിപ്പിച്ച് നിർത്തി ലാഭം നേടുന്നതുമാണ് അവരുടെ ശൈലി. പശ്ചിമേഷ്യയിലെ മുസ്‍ലിം ബ്രദർഹുഡ് പോലുള്ള സംഘടനകളെപ്പോലെയാണ് ഇവർ ഇന്ത്യയിൽ പ്രവർത്തിക്കുന്നത്.
രാജ്യത്തെ മറ്റൊരു സംഘടനയും ചെയ്യാത്ത തരത്തിൽ, വിദ്യഭ്യാസ രംഗം ഉൾപ്പടെ പല മേഖലകളും കൈക്കപിടിയിലാക്കി തീവ്ര ആശയങ്ങൾ പ്രചരിപ്പിക്കുകയാണ് ആർ.എസ്.എസ്. ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വം എന്ന മഹത്തായ ആശയത്തിനെതിരാണ് ഇത്തരക്കാർ. അടുത്തകാലത്തായി സുപ്രിം കോടതി ജഡ്ജിമാർ വാര്‍ത്താ സമ്മേളനം നടത്തി രാജ്യത്ത് നിലനില്‍ക്കുന്ന ഫാസിസ്റ്റ് പ്രവണതയെ കുറിച്ച് ആരോപണങ്ങള്‍ ഉന്നയിച്ചത് ഇതിന് തെളിവാണ്.
കോൺഗ്രസ് എല്ലാവരുടേതുമാണെന്നും, എല്ലാവർക്കും വേണ്ടി പ്രവർത്തിക്കുന്ന പാർട്ടിയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.