ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തിനെതിരായ സമര പ്രഖ്യാപനമായി കരുണാനിധി അനുസ്മരണ വേദി
പങ്കെടുത്ത ദേശീയ നേതാക്കൾ എല്ലാം മഴവിൽ സഖ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ചാണ് സംസാരിച്ചത്.
ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തിനെതിരായ സമര പ്രഖ്യാപനമായി കരുണാനിധി അനുസ്മരണ വേദി. പങ്കെടുത്ത ദേശീയ നേതാക്കൾ എല്ലാം മഴവിൽ സഖ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ചാണ് സംസാരിച്ചത്. കേന്ദ്രമന്ത്രി നിധിൻ ഗഡ്ഗരി വേദി വിട്ട ശേഷമായിരുന്നു കേന്ദ്രത്തിനെതിരായ പരാമർശങ്ങൾ.
പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസ്വാമിയാണ് വിമർശനങ്ങൾ ആരംഭിച്ചത്. സംസ്ഥാനങ്ങൾ ഭരിക്കേണ്ടത് ജനങ്ങൾ തെരഞ്ഞെടുത്തവരാണെന്നും കേന്ദ്ര സർക്കാർ ഇതിന് ശ്രമിക്കരുതെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയാൻ പറഞ്ഞു. നാഷണൽ കോൺഫറൻസ് പാർട്ടി നേതാവ് ഫാറൂഖ് അബ്ദുല്ലയാണ് രൂക്ഷമായ ഭാഷയിൽ കേന്ദ്രത്തെ വിമർശിച്ചത്. ബിജെപിയ്ക്ക് എതിരായ സഖ്യത്തിന്റെ പ്രാധാന്യവും ഫാറൂഖ് ഓർമിപ്പിച്ചു.
മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ ,ബിഹാർ മുഖ്യമന്ത്രി നിധീഷ് കുമാർ, കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി തുടങ്ങിയവര്‍ ചടങ്ങിനെത്തി. ഡിഎംകെയുടെ നേതൃത്വത്തിൽ ചെന്നൈ വൈഎംസിഎ മൈതാനത്തായിരുന്നു പരിപാടി. രാഷ്ട്രീയത്തിലെയും സിനിമയിലെയും മറക്കാനാവാത്ത വ്യക്തിത്വമാണ് കരുണാനിധിയെന്ന് പങ്കെടുത്ത നേതാക്കൾ അനുസ്മരിച്ചു.