‘അവരുടെ ദ്വീപിലേക്ക് വരുന്നവരെ അവർ ആക്രമിക്കും’: നോർത്ത് സെന്റിനൽ ദ്വീപ് സുരക്ഷിതമോ ?
പുറം ലോകവുമായി യാതൊരു ബന്ധവും പുലർത്താത്ത ഒരു വിഭാഗം ആദിവാസികളാണ് ഇവിടെയുള്ളത്
ലോകത്തിലെ വളരെ ചുരുക്കം മാത്രം ബാക്കി നിൽക്കുന്ന നാഗരികത്വമില്ലാത്ത സ്ഥലങ്ങളിലൊന്നാണ് ബംഗാൾ ഉൾകടലിനടുത്തുള്ള നോർത്ത് സെന്റിനൽ ദ്വീപ്. പുറം ലോകവുമായി യാതൊരു ബന്ധവും പുലർത്താത്ത ഒരു വിഭാഗം ആദിവാസികളാണ് ഇവിടെയുള്ളത്. ഇടതൂർന്ന് നിൽക്കുന്ന കാടുകളും മനോഹരമായ തീരപ്രദേശവുമാണ് ഇവിടുത്തെ പ്രധാന ആകർഷണം. പക്ഷെ, ആരൊക്കെ അവിടെ പോകാൻ ശ്രമിച്ചിട്ടുണ്ടോ, അവരെല്ലാം ദ്വീപ് നിവാസികൾ ആക്രമിക്കുകയോ കൊല്ലുകയോ ചെയ്യും.
സഞ്ചാര നിയന്ത്രിത മേഖലയായിരുന്ന നോർത്ത് സെന്റിനൽ ദ്വീപ് ചരിത്രത്തിലാദ്യമായി കേന്ദ്ര ആഭ്യന്തര വകുപ്പ് കഴിഞ്ഞ മാസം വിനോദ സഞ്ചാരികൾക്കായി തുറന്ന് കൊടുക്കുകയുണ്ടായി. ടൂറിസം മേഖലയുടെ ഉന്നമനത്തിനും മൊത്തത്തിലുള്ള വികസനത്തിനുമായാണ് വിനോദ സഞ്ചാരികൾക്കായി ദ്വീപ് തുറന്ന് കൊടുത്തത്. എങ്കിലും, ഒരു ചോദ്യം അപ്പോഴും ബാക്കി നിൽക്കുന്നു, നോർത്ത് സെന്റിനൽ ദ്വീപ് സുരക്ഷിതമാണോ അല്ലയോ..?
തീർത്തും അപരിഷ്കൃതർ ആയ ഒരു ജനവർഗ്ഗമാണ് ഇവിടെ താമസിക്കുന്നത്. സെന്റിനെന്റലുകൾ എന്നാണ് ഇവരെ വിളിക്കാറ്. മറയില്ലാത്ത കുടിലുകളിലാണ് ഇവരുടെ താമസം. വേട്ടയും മീൻ പിടിത്തവുമാണ് മുഖ്യ തൊഴിൽ.
ആധുനികമായ ലോഹപ്പണികളിൽ ഇവർക്കുള്ള സാമർഥ്യത്തെക്കുറിച്ച് ഒരറിവുമില്ല. എന്നിരുന്നാലും കരക്ക് അടിയുന്ന സാധനങ്ങൾ ഉപയോഗിച്ച് ആയുധങ്ങളും മറ്റ് സാധനങ്ങളും ഉണ്ടാക്കാൻ അവർ മിടുക്കരാണ്. അവരുടെ ആയുധങ്ങൾ കുന്തവും വളവില്ലാത്ത വില്ലും അമ്പും ആണ്. 10 മീറ്റർ അകലത്തിലുള്ള മനുഷ്യാകാരമുള്ള ഒരു വസ്തുവിൽ കൃത്യമായി കുന്തമെറിഞ്ഞും അമ്പ് എയ്ത് പിടിപ്പിക്കാനും അവർക്ക് കഴിയും.
2006ൽ ദ്വീപിലേക്ക് ദിശമാറി ഒഴുകിയെത്തിയ ബോട്ടിലുണ്ടായിരുന്ന രണ്ട് മത്സ്യ തൊഴിലാളികള്‍ ആദിവാസികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. അവരെ രക്ഷിക്കാനായി കോസ്റ്റ് ഗാർഡ് ഹെലിക്കോപ്റ്ററുകൾ എത്തിയെങ്കിലും ആദിവാസികൾ അവരെ അമ്പെയ്ത് ആട്ടിപ്പായിച്ചു. 1981ലും സമാനമായ സംഭവങ്ങൾ അരങ്ങേറിയിരുന്നെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അഞ്ഞൂറോളം ആദിവാസികൾ സെന്റിനൽ ദ്വീപിലുണ്ടെന്നാണ് പ്രാഥമിക നിഗമനം. 55000 വർഷങ്ങളായി ഇവിടെ ജനവാസമുണ്ടെന്നാണ് കരുതപ്പെടുന്നത്.