വധു വാട്സ്ആപ്പ് ഉപയോഗിക്കുന്നു: വരനും കുടുംബവും വിവാഹത്തില്‍ നിന്ന് പിന്മാറി
‘'ഞങ്ങളവരോട് യാചിച്ചപ്പോള്‍, അവസാനം നിക്കാഹ് നടത്താന്‍ അവര്‍ തയ്യാറായി. പക്ഷേ, 65 ലക്ഷം രൂപ സ്ത്രീധനം വേണമെന്നായി പിന്നെ അവരുടെ ആവശ്യം’
സെപ്തംബര്‍ അഞ്ചിനായിരുന്നു ഉത്തര്‍പ്രദേശിലെ അംറോഹയിലെ ഉറൂജ് മെഹന്തിയുടെ മകളുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ നിക്കാഹിന് സമയമായിട്ടും വരനും കൂട്ടരും എത്തിയില്ല. അവസാനം, വരനെയും ബന്ധുക്കളെയും തിരഞ്ഞ് പോകുകയായിരുന്നു ഉറൂജും ബന്ധുക്കളും. അവിടെയെത്തിയ ഉറൂജിനോട് തങ്ങള്‍ക്ക് ഈ വിവാഹത്തില്‍ താത്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു വരന്റെ ബന്ധുക്കള്‍. പെണ്‍കുട്ടി വാട്സ്ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നും, വാട്സ്ആപ്പ് ഉപയോഗിക്കുന്ന പെണ്‍കുട്ടികള്‍ നല്ലതല്ലെന്നുമായിരുന്നു, വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ വരന്റെ വീട്ടുകാര്‍ പറഞ്ഞ കാരണം.
''വിവാഹദിവസം അവരെയും പ്രതീക്ഷിച്ച് ഞങ്ങള്‍ കുറേ അധികം സമയം കാത്തുനിന്നു. സമയം കഴിഞ്ഞിട്ടും കാണാതായപ്പോള്‍ അവരുടെ വീട്ടിലേക്ക് പോയി. എന്റെ മകള്‍ കൂടുതല്‍ സമയവും വാട്സ്ആപ്പിലാണെന്ന് പറഞ്ഞ് അവര്‍ വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ഞങ്ങളവരോട് യാചിച്ചപ്പോള്‍, അവസാനം നിക്കാഹ് നടത്താന്‍ അവര്‍ തയ്യാറായി. പക്ഷേ, 65 ലക്ഷം രൂപ സ്ത്രീധനം വേണമെന്നായി പിന്നെ അവരുടെ ആവശ്യം''- ഉറൂജ് മെഹന്ദി പറയുന്നു.
നീതി തേടി അംറോഹ എസ് പി വിപിന്‍ റ്റാഡയ്ക്ക് പരാതി നല്‍കിയിട്ടുണ്ട് ഉറൂജ് മെഹന്ദിയും കുടുംബവും.