ചരിത്രത്തില്‍ ഇടംനേടിയ ഒന്നേകാല്‍ കൊല്ലം: ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പടിയിറങ്ങുന്നു
പടിയിറങ്ങുന്നത് ചരിത്രവിധികളിലൂടെയും വിവാദങ്ങളിലൂടെയും ശ്രദ്ധേയനായ ന്യായാധിപന്‍
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അവസാന പ്രവര്‍ത്തി ദിവസം ഇന്ന്. ചരിത്രവിധികളില്‍ പ്രശംസയും പഴിയും കേട്ടും കോടതി നടത്തിപ്പില്‍ സഹജഡ്ജിമാരോട് കലഹിച്ചും അര്‍ധരാത്രി വാദം കേട്ട് ചരിത്രം സൃഷ്ടിച്ചുമാണ് പടിയിറക്കം. വിരമിക്കല്‍ ദിനമായ നാളെ പൊതുഅവധി ആയതിനാല്‍ ദീപക് മിശ്രക്കുള്ള യാത്രയപ്പ് ഇന്ന് നടക്കും.
രാജ്യത്തിന്റെ നീതിന്യായവ്യവസ്ഥിതി അഭൂതപൂര്‍വ്വ കാഴ്ചകള്‍ കണ്ട ഒന്നേകാല്‍ കൊല്ലം. ദീപക് മിശ്ര ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന കാലം അങ്ങനെയായിരുന്നു. 2017 ആഗസ്റ്റ് 28 നാണ് പരമോന്നത ജഡ്ജിയായി മിശ്ര ചുമതല ഏറ്റത്. വിധി ന്യായങ്ങളിലൂടെയും കോടതി നടത്തിപ്പിലൂടെയും തുടക്കം മുതല്‍ വിമര്‍ശങ്ങള്‍ ഏറ്റുവാങ്ങി.
നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താ സമ്മേളനം വിളിച്ചത് ഇക്കൊല്ലം ജനുവരിയില്‍. സുപ്രീം കോടതിയില്‍ ജനാധിപത്യമില്ലെന്ന് അവര്‍ വിളിച്ച് പറഞ്ഞു. ഹൈക്കോടതി ജഡ്ജി അടക്കം അറസ്റ്റിലായ മെഡിക്കല്‍ അഴിമതിക്കേസില്‍ ചീഫ് ജസ്റ്റിസിന്റെയും പേരുയര്‍ന്നു. അമിത്ഷാ പ്രതിയായ സൊഹ്‌റാബുദ്ധീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ടിരുന്ന ജഡ്ജി ലോയയുടെ മരണം പുനരന്വേഷിക്കണം എന്ന ഹര്‍ജി തള്ളി. ചീഫ് ജസ്റ്റിസ് ഭരണകൂട വിധേയനാണന്ന് എന്ന വിമര്‍ശം ഇതോടെ ശക്തമായി. ചരിത്രത്തിലാദ്യായി പ്രതിപക്ഷം ചീഫ് ജസ്റ്റിസിനെതിരെ പാര്‍ലമെന്റില്‍ ഇംപീച്ച്മെന്റ് നീക്കം നടത്തി.
എന്നാല്‍ പഴിയും വിമര്‍ശനവും അസ്ഥാനത്താക്കി അവസാനവേളയില്‍ ചില ചരിത്രവിധികളും പറഞ്ഞു ദീപക്മിശ്ര. സ്വവര്‍ഗരതിയും വിവാഹേതരബന്ധവും ക്രിമിനല്‍ കുറ്റമല്ലാതാക്കി. തുല്യതക്കുള്ള അവകാശം ഉയര്‍ത്തിപ്പിടിച്ച് കയ്യടി നേടി. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനമനുവദിച്ചു. ആധാറിന് കടുത്ത നിയന്ത്രണങ്ങളോടെ പച്ചകൊടികാട്ടി.
അര്‍ധരാത്രി കോടതി ചേര്‍ന്ന്, 1993 ലെ മുബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ വധശിക്ഷയ്ക്കെതിരായ ഹര്‍ജി തളളിയതും കര്‍ണാടക സര്‍ക്കാര്‍ രൂപീകര വിഷയം പരിഗണിച്ചതും ദീപക് മിശ്രയുടെ കാലത്തെ മറ്റു ചില ചരിത്ര നടപടികള്‍. മറ്റന്നാള്‍ പുതിയ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ചുതല ഏല്‍ക്കും.