കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗം ഇന്ന്

വാര്‍ധയിലെ ഗാന്ധി സേവ ഗ്രാമത്തിലാണ് യോഗം; വൈകീട്ട് പദയാത്രയും പൊതുയോഗവും

Update: 2018-10-02 04:29 GMT
Advertising

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ഇന്ന് മഹാരാഷ്ട്രയിലെ വാര്‍ധയിലുള്ള മഹാത്മാഗാന്ധി സേവ ഗ്രാം ആശ്രമത്തില്‍ നടക്കും. രാജ്യത്തെ നിലവിലുള്ള രാഷ്രീയ, സാമൂഹിക, സാംസ്കാരിക സ്ഥിതിവിശേഷങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന യോഗം മോദി സര്‍ക്കാരിനെതിരെയുള്ള പുതിയ സമര പരിപാടികള്‍ക്ക് ആഹ്വാനം ചെയ്യും. മഹാത്മഗാന്ധിയുടെ 150ാം ജയന്തി കൂടി പരിഗണിച്ചാണ്, ഗാന്ധിജി പന്ത്രണ്ട് വര്‍ഷത്തോളം ജീവിച്ച ആശ്രമം പ്രവര്‍ത്ത സമിതി യോഗത്തിന് തെരഞ്ഞെടുത്തത്. നാല് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി നടക്കുന്ന നിര്‍ണ്ണായക പ്രവര്‍ത്തക സമിതി യോഗമാണ് വാര്‍ധയിലെ ഗാന്ധി സേവ ഗ്രാം ആശ്രമത്തില്‍ നടക്കുക. ഗാന്ധിജി പന്ത്രണ്ട് വര്‍ഷത്തോളം ചെലവഴിച്ച ഗ്രാമമെന്ന നിലയിലും 1941ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരായ ക്വിറ്റ് ഇന്ത്യ സമരത്തിന് ആഹ്വാനം ചെയ്ത സ്ഥലമെന്ന നിലയിലും പ്രസിദ്ധമാണ് വാര്‍ധ. 41ല്‍ ബ്രിട്ടീഷുകാരെ പുറത്താക്കുന്നതിലേക്ക് നയിച്ച സമരങ്ങള്‍ തുടക്കം കുറിച്ചത് പോലെ, 2019ല്‍ നരേന്ദ്ര മോദിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള മുന്നേറ്റത്തിന് ഇന്ന് തുടക്കം കുറിക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജ്ജേവാല പറഞ്ഞു.

രാവിലെ ഡല്‍ഹി ഗാന്ധി സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമായിരിക്കും കോണ്‍ഗ്രസ് അധ്യക്ഷനടക്കമുള്ള നേതാക്കള്‍ വാര്‍ധയിലെത്തുക. രണ്ട് മണിക്കൂറോളം നീണ്ട് നില്‍ക്കുന്ന യോഗത്തില്‍ രാജ്യത്തെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സാഹചര്യങ്ങളെക്കുറിച്ചുള്ള പ്രമേയങ്ങള്‍ അവതരിപ്പിക്കും. ഗാന്ധി സേവ ആശ്രമത്തില്‍ നടക്കുന്ന ഗാന്ധി ജയന്തിയോടനുബന്ധിച്ചുള്ള പ്രാര്‍ത്ഥന യോഗത്തിലും നേതാക്കള്‍ പങ്കെടുക്കും. ആശ്രമത്തില്‍ നിന്നം വാര്‍ധയിലെ പൊതുയോഗ മൈതാനത്തേക്ക് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പദയാത്രയും നടക്കും. വൈകിട്ട് നടക്കുന്ന പദയാത്രയില്‍ രാഹുലിനെക്കൂടാതെ യു.പി.എ അധ്യക്ഷ സോണിയഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തുടങ്ങിയവരും പങ്കെടുക്കും.

Tags:    

Similar News