ആള്‍ക്കൂട്ട അതിക്രമം; സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍
Update: 2018-10-02 17:00 GMT
പ്രക്ഷോഭങ്ങളുടെയും പ്രതിഷേധങ്ങളുടെയും പേരില്‍ അക്രമം അഴിച്ചു വിട്ടാല്‍ നേതാക്കള്‍ ഉത്തരവാദികളാകുമെന്ന സുപ്രീം കോടതിയുടെ വിധി യിലെ മറ്റ് പ്രധാന മാര്‍ഗനിര്‍ദേശങ്ങള്‍
- ഒന്നിലധികം പേര്‍ പ്രതികളായുണ്ടെകില്‍ സംയുക്തമായോ വ്യക്തിപരമായോ നഷ്ടമീടാക്കാം.
- ഇത്തരം അക്രമങ്ങളില്‍ ജീവനും പൊതു-സ്വകാര്യ സ്വത്തിനുമുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക്, അക്രമത്തിന് തുടക്കമിട്ടവരും പ്രേരണ നല്‍കിയവരും ഉത്തരവാദികളായിരിക്കുമെന്നതിനാല്‍ ഇരകള്‍ക്കുള്ള നഷ്ടവും അവരില്‍ നിന്ന് ഈടാക്കും. ജീവനും സ്ഥാവര ജംഗമ സ്വത്തുക്കള്‍ക്കും നഷ്ടപരിഹാരം ഈടാക്കും.
- നിരോധിക്കപ്പെട്ട ആയുധങ്ങളുമായി പ്രതിഷേധങ്ങളിലും പ്രകടനങ്ങളിലും ആരെങ്കിലും വന്നാല്‍ അക്രമമുണ്ടാക്കുകയാണ് അയാളുടെ താല്‍പര്യമെന്ന നിലയില്‍ നിയമനടപടി സ്വീകരിക്കണം.
- ഒാരോ ജില്ലയിലും സാംസ്ക്കാരിക സ്ഥാപനങ്ങള്‍ക്കും സ്വത്തുവകകള്‍ക്കുമെതിരായ ആള്‍ക്കൂട്ട അക്രമങ്ങള്‍ തടയുന്നതിനുള്ള ചുമതല ജില്ലാ നോഡല്‍ ഒാഫിസര്‍മാര്‍ക്കുമായിരിക്കും. അത്തരം സംഭവങ്ങളില്‍ എഫ്.എെ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിലും അന്വേഷണം നടത്തുന്നതിലും സംഭവിക്കുന്ന വീഴ്ചകള്‍ ബന്ധപ്പെട്ട നോഡല്‍ ഒാഫീസറുടേതായി പരിഗണിക്കും.
- പോലീസ് എഫ്.എെ.ആര്‍ രജിസ്റ്റര്‍ ചെയ്ത് നിര്‍ദിഷ്ട കാലയളവില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
- ഇത്തരം കേസുകളില്‍ പ്രതികളെ വിട്ടാല്‍, നോഡല്‍ ഒാഫിസര്‍മാര്‍ പ്രോസിക്യൂട്ടറുമായി ബന്ധപ്പെട്ട് അപ്പീല്‍ നടപടികള്‍ എത്രയും പെട്ടെന്ന് ചെയ്യണം.
- ആള്‍ക്കൂട്ട അക്രമങ്ങള്‍ തടയുന്നതിന് സംസ്ഥാന സര്‍ക്കാറുകള്‍ പ്രത്യേക പരിശീലനം നല്‍കി ദ്രുത പ്രതികരണ ടീമുകളുണ്ടാക്കണം. അവ കഴിവതും ജില്ലാ തലത്തില്‍ തന്നെ വേണം. പെട്ടെന്ന് വിളിച്ചുകൂട്ടാന്‍ കഴിയുന്ന തരത്തിലുമായിരിക്കണം. കുറഞ്ഞ പരിക്ക് പറ്റുന്ന കണ്ണീര്‍ വാതകം, ജലപീരങ്കി തുടങ്ങിയ ഉപകരണങ്ങള്‍ ഇത്തരം ആള്‍ക്കൂട്ടങ്ങളെ പിരിച്ചുവിടാന്‍ ഉപയോഗിക്കണം.
- അഭ്യൂഹങ്ങള്‍ നിയന്ത്രിക്കുന്നതിനും അവസാനിപ്പിക്കുന്നതിനും ജില്ലാ തലത്തിലുള്ള നോഡല്‍ ഒാഫിസര്‍മാര്‍ ഏകോപിച്ച ശ്രമങ്ങള്‍ നടത്തുകയും അതിനായി ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ നല്‍കുകയും വേണം.