തലസ്ഥാനത്തെ നാല് വശങ്ങളില്‍ നിന്ന് ഒരേ സമയം മാര്‍ച്ച് സംഘടിപ്പിക്കാന്‍ കര്‍ഷകര്‍ ഒരുങ്ങുന്നു

മഹാരാഷ്ട്രയിലെ ലോങ് മാര്‍ച്ചിന് സമാനമായുള്ള സമരത്തിനാണ് ആരംഭമാകുന്നത്. 

Update: 2018-10-26 02:15 GMT
Advertising

രാജ്യതലസ്ഥാനത്തെ നാല് വശങ്ങളില്‍ നിന്ന് ഒരേ സമയം മാര്‍ച്ച് സംഘടിപ്പിക്കാന്‍ കര്‍ഷകര്‍ ഒരുങ്ങുന്നു. മഹാരാഷ്ട്രയിലെ ലോങ് മാര്‍ച്ചിന് സമാനമായുള്ള സമരത്തിനാണ് ആരംഭമാകുന്നത്. അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന കര്‍ഷക മാര്‍ച്ച് ഈ മാസം 29നാണ് നടക്കുക.

Full View

മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് വന്‍ കര്‍ഷകമാര്‍ച്ച് ഒരുങ്ങുന്നത്. രാജ്യതലസ്ഥാനത്തെ നാല് വശങ്ങളില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് ഡല്‍ഹിയിലെ രാം ലീല മൈതാനിയില്‍ ഒരുമിക്കും. ഡല്‍ഹിയിലെ അതിര്‍ത്തി പ്രദേശങ്ങളായ ഗാസിയാബാദ് , ഫരീദാബാദ് , ഗുഡ്ഗാവ് , പാനിപ്പത്ത് എന്നീ ഭാഗങ്ങളില്‍ നിന്നാണ് മാര്‍ച്ച് ആരംഭിക്കുന്നത്. 29 ന് രാവിലെ ആരംഭിക്കുന്ന മാര്‍ച്ച് രാത്രിയോടെ രാംലീല മൈതാനിയിലെത്തും . മുപ്പതിന് പാര്‍ലമെന്റിലേക്ക് മഹാറാലിയും സംഘടിപ്പിച്ചിട്ടുണ്ട് .178 കര്‍ഷകസംഘടനകളുടെ പിന്തുണയോടെ അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് മാര്‍ച്ചിന് നേതൃത്വം നല്‍കുന്നത്.

കര്‍ഷകവായ്പ എഴുതിതള്ളുക, ധാന്യവിളകളുടെ താങ്ങുവില വര്‍ധിപ്പിക്കുക , എല്ലാ പ്രധാനവിളകള്‍ക്കും സംഭരണകേന്ദ്രങ്ങള്‍ ആരംഭിക്കുക തുടങ്ങി നാളുകളായുള്ള ആവശ്യങ്ങളാണ് ഈ സമരത്തിലും കര്‍ഷകര്‍ ഉയര്‍ത്തുന്നത്. ശാശ്വത പരിഹാരത്തിനായി പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു. കര്‍ഷകരോട് ഐക്യദാര്‍ഢ്യപ്പെടുന്ന എല്ലാ തൊഴില്‍മേഖലയില്‍ ഉള്ളവരും മാര്‍ച്ചില്‍ പങ്കെടുക്കണമെന്നും അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

Tags:    

Similar News