താജ്മഹല്‍ പള്ളിയില്‍ നമസ്കാരത്തിന് കേന്ദ്ര വിലക്ക്

Update: 2018-11-05 13:38 GMT
Advertising

താജ്മഹലിന് സമീപത്തെ താജ്പള്ളിയില്‍ നമസ്ക്കാരത്തിന് വിലക്കേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര പുരാവസ്തു വകുപ്പാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇനി വെള്ളിയാഴ്ച ദിവസം മാത്രമായിരിക്കും പള്ളി പ്രവേശനത്തിന് സാധ്യമാവുക. പള്ളിയില്‍ വിശ്വാസികള്‍ അംഗ ശുദ്ധി വരുത്തുന്ന ഹൌള് അടച്ച് പൂട്ടിയാണ് അധികൃതര്‍ വിലക്കിന് തുടക്കം കുറിച്ചത്. ഇതിന് മുന്‍പ് നാട്ടുകാരല്ലാത്തവര്‍ക്ക് താജ് പള്ളിയില്‍ വെള്ളിയാഴ്ച നമസ്‌ക്കാരത്തില്‍ പങ്കെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ പ്രാദേശിക ഭരണകൂട നടപ്പടി സുപ്രിംകോടതി ശരിവച്ചിരുന്നു. ഇതു കൂടി ചൂണ്ടിക്കാട്ടിയാണ് ദിസേനയുള്ള നമസ്‌ക്കാരത്തിന് കൂടി ഇപ്പോള്‍ വിലക്കേര്‍പ്പെടുത്തിയത്.

എന്നാല്‍ വിഷയത്തില്‍ കഴിഞ്ഞ ജൂലൈയിലെ സുപ്രിംകോടതി ഉത്തരവ് പാലിക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഒരു കാരണവുമില്ലാതെയാണ് ഇപ്പോഴത്തെ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്ന് താജ്മഹല്‍ ഇന്‍തിസാമിയ കമ്മിറ്റി പ്രസിഡന്റ് സയിദ് ഇബ്രാഹിം ഹുസൈന്‍ സെയ്ദി പറഞ്ഞു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ മുസ്ലിം വിരുദ്ധതയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ പ്രദേശവാസികള്‍ക്ക് മാത്രമാണ് ഇവിടെ ജുമുഅ നമസ്‌കാരത്തിനായി ടിക്കറ്റ് എടുക്കാതെ പ്രവേശിക്കാന്‍ കഴിയുന്നത്. 12 മുതല്‍ രണ്ടു മണി വരെയാണ് പ്രദേശവാസികള്‍ക്കുള്ള പ്രവേശനം. ഇതുവരെ താജ് മഹല്‍ സന്ദര്‍ശിക്കാനുള്ള ടിക്കറ്റുമായി വരുന്നവര്‍ക്ക്, ഈ ദിവസങ്ങളില്‍ പള്ളി കാണാനും നമസ്‌കാരം നടത്താനും കഴിയുമായിരുന്നു. പുതിയ വിലക്കോടെ ഇനി അതിനും സാധിക്കില്ല.

പുരാവസ്തു സര്‍വേ ഉദ്യോഗസ്ഥര്‍ നമസ്‌കാരത്തിനു പള്ളിയോട് ചേര്‍ന്നു നിര്‍മിച്ച ജലസംഭരണി അടച്ചതിനാല്‍‍ പള്ളിക്കു പുറത്താണ് ഇന്നലെ പലരും നമസ്‌കാരം നിര്‍വഹിച്ചത്.

Tags:    

Similar News