അലോക് വര്‍മ്മക്കെതിരായ അന്വേഷണം: റിപ്പോര്‍ട്ട് വൈകിയതില്‍ സി.വി.സിക്ക് വിമര്‍ശനം
റിപ്പോര്‍ട്ട് വൈകിയതില്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയോട് മാപ്പ് ചോദിച്ചു.
ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മക്കെതിരായ ആരോപണങ്ങളിന്മേലുള്ള അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈകിയതിന് കേന്ദ്ര വിജിലന്‍സ് കമ്മീഷന് സുപ്രീംകോടതിയുടെ വിമര്‍ശനം. റിപ്പോര്‍ട്ട് വൈകിയതില്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയോട് മാപ്പ് ചോദിച്ചു. കേസ് സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി.
മോയിൻ ഖുറേഷി കൈക്കൂലി കേസടക്കം വിവിധ കേസുകളിൽ ഉയർന്ന അഴിമതി ആരോപണത്തിൽ ചുമതലകളിൽ നിന്ന് മാറ്റിനിർത്തപ്പെട്ട സി.ബി.ഐ ഡയറക്ടർ അലോക് വർമ്മക്ക് ക്ലീൻ ചിറ്റ് നൽകുന്നതാണ് കേന്ദ്ര വിജിലൻസ് കമ്മീഷൻ റിപ്പോർട്ട് എന്നാണ് വിവരം. രണ്ട് ദിവസം മുമ്പ് സമർപ്പിക്കേണ്ട ഈ റിപ്പോർട്ട് ഇന്നാണ് സി.വി.സി കോടതിയിൽ വച്ചത്. ഈ സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റെ വിമർശം.
റിപ്പോർട്ട് വൈകിയതിൽ സി.വി.സി അഭിഭാഷകനും സോളിസിറ്റര്‍ ജനറലുമായ തുഷാർ മെഹ്ത കോടതിയോട് ക്ഷമ ചോദിക്കുകയും ചെയ്തു. മൂന്ന് ഭാഗങ്ങളുള്ള റിപ്പോർട്ട് പരിശോധിച്ച ശേഷം കേസ് സുപ്രീംകോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.