പിണറായിക്ക് അയ്യപ്പഭക്തര്‍ റഷ്യയിലെ നിർബന്ധിത ലേബര്‍ ക്യാമ്പുകളിലെ തൊഴിലാളികളെപ്പോലെയാണെന്ന് അമിത് ഷാ
പിണറായി സര്‍ക്കാര്‍ ശബരിമല വിഷയം കൈകാര്യം ചെയ്യുന്ന രീതി നിരാശാജനകമാണെന്നും ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന ഓരോ ഭക്തര്‍ക്കുമൊപ്പമാണ് ബി.ജെ.പിയെന്നും അമിത് ഷായുടെ ട്വീറ്റ്
ശബരിമലയിലെ സര്‍ക്കാര്‍ ഇടപടലുകള്‍ക്കെതിരെ വിമര്‍ശനവുമായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ രംഗത്തെത്തി. പിണറായി സര്‍ക്കാര്‍ ശബരിമല വിഷയം കൈകാര്യം ചെയ്യുന്ന രീതി നിരാശാജനകമാണെന്നും ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന ഓരോ ഭക്തര്‍ക്കുമൊപ്പമാണ് ബി.ജെ.പിയെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു. ബി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്ത് പ്രതിഷേധത്തെ അടിച്ചമര്‍ത്താമെന്ന് പിണറായി സര്‍ക്കാര്‍ കരുതേണ്ടെന്നും അമിതാ ഷാ പറഞ്ഞു.
രൂക്ഷമായ ഭാഷയിലാണ് ട്വിറ്ററിലൂടെ അമിത് ഷാ കേരള മുഖ്യമന്ത്രിയെ വിമര്‍ശിച്ചത്. റഷ്യയിലെ നിർബന്ധിത തൊഴിൽ ക്യാമ്പുകളിലെ (ഗുലാഗ്) തൊഴിലാളികളെപ്പോലെയാണ് പിണറായി അയ്യപ്പ ഭക്തരോട് പെരുമാറുന്നത്. ശബരിമലയിലെ അസൗകര്യങ്ങള്‍ മൂലം ഭക്തര്‍ രാത്രി വിശ്രമിക്കുന്നത് പന്നി കാഷ്ടത്തിനടുത്തും ചവറ്റു വീപ്പയ്ക്ക് സമീപത്താണെന്നും ട്വിറ്ററിലൂടെയാണ് അമിത് ഷായുടെ വിമര്‍ശനമുയര്‍ത്തി. ഭക്തര്‍ രാത്രി വിശ്രമിക്കുന്ന സ്ഥലത്തെല്ലാം പന്നി കാഷ്ടവും ചവറ്റു വീപ്പകളുമാണെന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെന്നാണ് മനസിലാകുന്നത്. ഗുലാക് ക്യാമ്പിലെ തൊഴിലാളികളല്ല അയ്യപ്പ ഭക്തരെന്ന് പിണറായി വിജയന്‍ മനസിലാക്കണം. ജനങ്ങളുടെ വിശ്വാസത്തെ നശിപ്പിക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെ അനുവദിക്കില്ല.
ശബരിമല വിഷയം പോലെയുള്ള പ്രശ്‌നം പിണറായി വിജയന്‍ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതി വളരെ നിരാശാജനകമാണ്. തീര്‍ഥാടകരായെത്തുന്ന ചെറിയ പെണ്‍കുട്ടികളോടും അമ്മമാരോടും വയോധികരോടും കേരള പോലീസ് പെരുമാറുന്നത് മനുഷ്യത്വരഹിതമായാണ്. ഭക്ഷണം, കുടിവെള്ളം, താമസസൗകര്യം, വൃത്തിയുള്ള ശൗചാലയങ്ങള്‍ തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളും നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും ട്വീറ്റില്‍ പറയുന്നു.
കെ. സുരേന്ദ്രനപ്പോലെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് ജനങ്ങളുടെ പ്രതിഷേധത്തെ അടിച്ചമര്‍ത്താമെന്ന് പിണറായി സര്‍ക്കാര്‍ കരുതിയെങ്കില്‍ അത് തെറ്റാണ്. ശബരിലയിലെ ആചാരങ്ങളെ മുറുകെപ്പിടിക്കുന്ന അയ്യപ്പ വിശ്വാസികളോടൊപ്പമാണ് ബി.ജെ.പിയെന്നും അമിത് ഷാ പറഞ്ഞു.