ശിവരാജ് സിംഗ് ചൗഹാനെ കൂട്ടിലടക്കുമെന്ന് അരുണ്‍ യാദവ്

മണ്ഡലത്തില്‍ ഏഴാം തവണ അങ്കത്തിനിറങ്ങുന്ന ശിവരാജ് സിംഗ് ഇത്തവണ കടുത്ത പോരാട്ടമാണ് നേരിടുന്നത്. 

Update: 2018-11-21 02:16 GMT
Advertising

ശിവരാജ് സിംഗ് ചൗഹാനെ പിടിച്ചു കെട്ടുക മാത്രമല്ല ഇക്കുറി കൂട്ടിലടക്കുമെന്നും എതിര്‍ സ്ഥാനാര്‍ഥിയും മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ അധ്യക്ഷനുമായിരുന്ന അരുണ്‍ യാദവ്. ഹോഷംഗാബാദില്‍ ശിവ്‌രാജ് സിംഗ് ചൗഹാന്റെ മണ്ഡലമായ ബുധ്‌നിയില്‍ മീഡിയവണുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തില്‍ ഏഴാം തവണ അങ്കത്തിനിറങ്ങുന്ന ശിവരാജ് സിംഗ് ഇത്തവണ കടുത്ത പോരാട്ടമാണ് നേരിടുന്നത്.

ബുധ്നി ഉള്‍പ്പെട്ട വിധിഷ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും അഞ്ച് തവണ എം.പിയാകുകയും ആറ് തവണ എം.എല്‍.എയാകുകയും ചെയ്തിട്ടുണ്ടെങ്കിലും പരമദയനീയമാണ് ശിവ്‌രാജ് സിംഗ് ചൗഹാന്റെ നിയോജക മണ്ഡലത്തിന്റെ ചിത്രം. വോട്ടു ചോദിക്കാനായി ഇക്കുറി ബുധ്‌നിയിലേക്ക് വരില്ലെന്നും ജനങ്ങള്‍ തന്നെ ജയിപ്പിക്കുമെന്നുമുള്ള ചൗഹാന്റെ ആത്മവിശ്വാസം ഒരുവേള അദ്ദേഹത്തിന് അപകടമായേക്കാനും സാധ്യതയുണ്ട്. സുദീര്‍ഘമായ കാലം ജനപ്രതിനിധിയായ മറ്റൊരാളുടെ മണ്ഡലവും ഇത്രയും പിന്നാക്കാവസ്ഥയില്‍ കാണാനാവില്ലെന്നാണ് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും എം.പി.സി.സി മുന്‍ അധ്യക്ഷനുമായ അരുണ്‍ യാദവ് ചൂണ്ടിക്കാട്ടുന്നത്.

ഈ മണ്ഡലത്തില്‍ വികസനം നടന്നുവെന്ന് ബോധ്യപ്പെടുന്ന ഒന്നും കാണാനാവില്ല. ശിവ്‌രാജ് സിംഗ് അക്കാര്യം അദ്ദേഹത്തിന്റെ ചില അടുപ്പക്കാര്‍ക്ക് കോണ്‍ട്രാക്ട് നല്‍കുകയാണ് ചെയ്തത്. അവര്‍ കഴിഞ്ഞ 15 വര്‍ഷമായി ബുധ്‌നിയെ കൊള്ളയടിക്കുകയായിരുന്നു.

വോട്ടു ചോദിക്കാനെത്തിയ ശിവ്‌രാജ് സിംഗ് ചൗഹാന്റെ പത്‌നി സാധന സിംഗിയോട് കുടിവെള്ളക്ഷാമവും വൈദ്യുതി പ്രശ്‌നവും ഉയര്‍ത്തിക്കാട്ടി ജനങ്ങള്‍ തട്ടിക്കയറിയത് ഈയിടെ വാര്‍ത്തയായിരുന്നു. എന്നാല്‍ ചൗഹാന്‍ എന്ന വ്യക്തിയെ ജനങ്ങള്‍ക്ക് ഇഷ്ടമാണെന്നും അദ്ദേഹത്തെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നുമാണ് ബി.ജെ.പി പ്രചരണത്തിന്റെ ചുക്കാന്‍ പിടിക്കുന്ന ലളിത് ശര്‍മ്മ ചൂണ്ടിക്കാട്ടുന്നത്. അദ്ദേഹം ഇവിടെ പ്രചരണത്തിന് വരേണ്ട ആവശ്യം തന്നെയില്ല. പത്രിക സമര്‍പ്പിക്കാനും വോട്ടു ചെയ്യാനും മാത്രം വന്നാല്‍ മതി. ബാക്കി ഞങ്ങള്‍ പ്രവര്‍ത്തകര്‍ നോക്കിക്കൊള്ളും.

Tags:    

Similar News