സഞ്ജയ് മസാനി; മധ്യപ്രദേശ് തെരഞ്ഞെടുപ്പിലെ ഏറ്റവും വിലപിടിച്ച കാലുമാറ്റക്കാരന്‍

മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന്റെ ഭാര്യാ സഹോദരനായ മസാനി നവംബര്‍ 3നു മാത്രമാണ് ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയത്

Update: 2018-11-22 04:12 GMT
Advertising

ബാലാഘാട്ടിലെ വാരാസിയോനിയില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിക്കുന്ന സഞ്ജയ് മസാനിയാണ് മധ്യപ്രദേശ് തെരഞ്ഞെടുപ്പിലെ ഏറ്റവും വിലപിടിച്ച കാലുമാറ്റക്കാരന്‍. മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന്റെ ഭാര്യാ സഹോദരനായ മസാനി നവംബര്‍ 3നു മാത്രമാണ് ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയത്. തൊട്ടുടനെ മല്‍സരിക്കാനുള്ള സീറ്റ് ലഭിച്ചെങ്കിലും വാരാസിയോനിയില്‍ ചുവടുറപ്പിക്കാനാവാതെ പാടുപെടുകയാണ് മസാനി.

Full View

എം.പി.സി.സി അധ്യക്ഷനും ബാലാഘാട്ട് ഉള്‍പ്പെടുന്ന ചിന്ത്‌വാഡ മേഖലയിലെ ഏറ്റവും മുതിര്‍ന്ന നേതാവുമായ കമല്‍നാഥാണ് മസാനിയെ കോണ്‍ഗ്രസിലെത്തിച്ചത്. ജ്യോതിരാദിത്യ സിന്ധ്യയുടെ ആശീര്‍വാദവും മസാനിക്കുണ്ടായിരുന്നു. മസാനിയുടെ കോണ്‍ഗ്രസ് പ്രവേശം ബി.ജെ.പിക്ക് ഈ തെരഞ്ഞെടുപ്പു കാലത്തേറ്റ ഏറ്റവും കനത്ത തിരിച്ചടിയായാണ് മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നതെങ്കിലും താഴെത്തട്ടില്‍ ഇതുവരെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഈ മാറ്റം ഉള്‍ക്കൊണ്ടിട്ടില്ല. നേതാക്കള്‍ക്ക് മാത്രമാണ് ഈ കാലുമാറ്റത്തില്‍ ആഹ്‌ളാദം. അതുവരെ മണ്ഡലത്തില്‍ നിറഞ്ഞു നിന്ന സിറ്റിംഗ് എം.എല്‍.എ പ്രദീപ് ജയ്‌സ്വാള്‍ പാര്‍ട്ടിക്കെതിരെ തിരിഞ്ഞ ചിത്രമാണ് ഇപ്പോഴുള്ളത്. മസാനിയാകട്ടെ താന്‍ ബി.ജെ.പി വിടാനുള്ള കാരണം എന്തെന്ന് തുറന്നു പറയാതെയാണ് പ്രചാരണവുമായി മുന്നോട്ടു പോകുന്നതും.

ശിവ്‌രാജ് സിംഗ് ചൗഹാന്റെ ഭാര്യ സാധനാ സിംഗിന്റെ സഹോദരിമാരില്‍ രണ്ടുപേര്‍ കോണ്‍ഗ്രസിനായി പ്രചരണം നടത്താന്‍ വാരാസിയോനിയിലുണ്ട്. എന്നാല്‍ ഇതൊരു കുടുംബകലഹമല്ലെന്നും ബി.ജെ.പിയോടോ ചൗഹാനോടോ പ്രത്യേകിച്ച് വിരോധമില്ലെന്നും ഇവരും പറയുന്നു. വിജയരാജ്-ജ്യോതിരാദിത്യാ മാതൃകയില്‍ കോണ്‍ഗ്രസിലും ബി.ജെ.പിയിലും ഒരുപോലെ ശിവ്‌രാജ് സിംഗ് കുടുംബത്തിന്റെ പ്രാതിനിധ്യം ഉറപ്പു വരുത്താനായി നടന്ന തന്ത്രപരമായ നീക്കം മാത്രമാണ് മസാനിയുടെ കൂറുമാറ്റമെന്ന സംശയത്തിനാണ് ഈ പോരാട്ടം അടിവരയിടുന്നത്.

Tags:    

Similar News