ജമ്മുകശ്മീർ തെരഞ്ഞെടുപ്പിനൊരുങ്ങുന്നു

സർക്കാർ ഉണ്ടാക്കാനായി രൂപപ്പെട്ട പി.ഡി.പി -നാഷണൽ കോൺഫറൻസ് -കോൺഗ്രസ് സഖ്യം നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ

Update: 2018-11-23 01:39 GMT
Advertising

നിയമസഭ പിരിച്ചുവിട്ട ഗവർണറുടെ നടപടിയോടെ ജമ്മുകശ്മീർ തെരഞ്ഞെടുപ്പിനൊരുങ്ങുന്നു. സർക്കാർ ഉണ്ടാക്കാനായി രൂപപ്പെട്ട പി.ഡി.പി -നാഷണൽ കോൺഫറൻസ് -കോൺഗ്രസ് സഖ്യം നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ. ഗവർണറുടെ നടപടിക്കെതിരെ പ്രതിപക്ഷം കോടതിയെ സമീപിക്കാനും ഇടയില്ല.

ജമ്മുകശ്മീരിൽ അധാർമിക സാഹചര്യത്തിലൂടെ സർക്കാർ ഉണ്ടാക്കാൻ ശ്രമിച്ച ബി.ജെ.പിയെ പരാജയപ്പെടുത്തുന്നതിൽ വിജയിച്ചിരിക്കുകയാണ് പി.ഡി.പി - നാഷണൽ കോൺഫറൻസ് - കോൺഗ്രസ് സഖ്യം. സർക്കാർ രൂപീകരണത്തിനായി എം.എൽ.എമാരെ അടർത്തിമാറ്റി പാർട്ടിക്കകത്ത് ഉണ്ടാക്കാനിടയുള്ള പിളർപ്പും ഒഴിവാക്കാനായി. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ അസ്തിത്വം പണയംവെച്ച് കക്ഷികൾ ഒന്നാകാൻ ഇടയില്ലെന്നാണ് വിലയിരുത്തലുകൾ. ബി.ജെ.പിക്കൊപ്പം ആയിരുന്ന പി.ഡി.പിക്ക് ഒപ്പം നിൽക്കുന്നത് ദോഷം ചെയ്തേക്കും എന്ന ആശങ്ക നാഷണൽ കോൺഫറൻസിനും കോൺഗ്രസിനും ഉണ്ട്. അത്യാവശ്യമെങ്കിൽ തെരഞ്ഞെടുപ്പിനുശേഷം സഖ്യം ആകാമെന്നാണ് നിലപാട്.

പ്രതിപക്ഷ സഖ്യത്തിനായി മെഹബൂബ മുഫ്തിയും പീപ്പിൾസ് പാർട്ടി -ബി.ജെ.പി സഖ്യത്തിനായി സജാദ് ലോണും നൽകിയ കത്തുകളിൽ കൂടുതൽ രേഖകൾ തേടി തൃപ്തി വരുത്തി വിശ്വാസവോട്ടെടുപ്പ് നടത്തണമായിരുന്നു എന്നും നിലവിലെ നടപടി ഭരണഘടനയുടെയും സുപ്രിം കോടതി മാർഗരേഖകളുടെയും ലംഘനമാണ് എന്നുമാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ. എന്നാൽ കോടതിയെ സമീപിക്കണമോ എന്ന കാര്യത്തിൽ പ്രതിപക്ഷ പാർട്ടികൾ തീരുമാനമെടുത്തിട്ടില്ല. മെഹ്ബൂബ മുഫ്തിയുടെ കത്ത് ഫാക്സ് മുഖേന ലഭിച്ചിട്ടില്ലെന്ന ഗവർണറുടെ പ്രതികരണവും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. അതേ ഫാക്സ് മെഷീനിലൂടെയാണ് ഗവർണർ നിയമസഭ പിരിച്ചുവിട്ട ഉത്തരവ് പി.ഡി.പിക്ക് അയച്ചത്.സന്ദേശം അയക്കാൻ മാത്രം കഴിയുന്നതാണോ ഗവർണറുടെ ഓഫീസിലുള്ള ഫാക്സ് യന്ത്രം എന്ന വിമർശനമാണ് പി.ഡി.പിയും നാഷണൽ കോൺഫറൻസും ഉന്നയിക്കുന്നത്.

Tags:    

Similar News