‘തെരഞ്ഞെടുപ്പില്‍ കൃത്രിമങ്ങള്‍ നടത്തി എളുപ്പത്തില്‍ ജയിക്കാമെന്ന് ബി.ജെ.പി വ്യാമോഹിക്കേണ്ട’ പങ്കജ് ചതുര്‍വേദി

2013ലെയും 2008ലെയും തെരഞ്ഞെടുപ്പ് അനുഭവങ്ങളാണ് കോണ്‍ഗ്രസിന് സംസ്ഥാന തലത്തില്‍ സ്വന്തം സംഘടനാ സംവിധാനങ്ങളെ ശക്തിപ്പെടുത്താന്‍ പ്രേരിപ്പിച്ചതെന്ന് ചതുര്‍വേദി ചൂണ്ടിക്കാട്ടി.

Update: 2018-11-23 02:45 GMT
Advertising

തെരഞ്ഞെടുപ്പ് കൃത്രിമങ്ങള്‍ നടത്തി എളുപ്പത്തില്‍ ജയിച്ചു കയറാമെന്ന് ബി.ജെ.പി വ്യാമോഹിക്കേണ്ടെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് വക്താവ് പങ്കജ് ചതുര്‍വേദി. മീഡിയവണിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബൂത്ത് മാനേജ്‌മെന്റ് തലത്തില്‍ ബി.ജെ.പിക്കാണ് ഇക്കുറി അടിപതറുകയെന്നും അവരുടെ കേഡറുകള്‍ പോലും ശിവ്‌രാജ് സിംഗ് ചൗഹാന്‍ ഭരണകൂടത്തിന് എതിരായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2013ലെയും 2008ലെയും തെരഞ്ഞെടുപ്പ് അനുഭവങ്ങളാണ് കോണ്‍ഗ്രസിന് സംസ്ഥാന തലത്തില്‍ സ്വന്തം സംഘടനാ സംവിധാനങ്ങളെ ശക്തിപ്പെടുത്താന്‍ പ്രേരിപ്പിച്ചതെന്ന് ചതുര്‍വേദി ചൂണ്ടിക്കാട്ടി.

''കഴിഞ്ഞ നാലര വര്‍ഷമായി പാര്‍ട്ടി ഗ്രാമഗ്രാമാന്തരങ്ങളില്‍ സ്വന്തം സംഘടനാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്ന തിരക്കിലായിരുന്നു. എന്നാല്‍ മറുഭാഗത്ത് അതല്ല ബി.ജെ.പിയുടെ ചിത്രം. ശിവ്‌വരാജ് സിംങ് ചേരിയിലുള്ളവര്‍ മറ്റുള്ളവരില്‍ നിന്ന് ഒറ്റപ്പെടുകയാണ് ചെയ്തത്. അവര്‍ക്ക് മാത്രമാണ് അധികാരത്തിന്റെ അപ്പക്കഷണം നുണയാനുള്ള അവസരം ലഭിച്ചു കൊണ്ടിരുന്നത്. വോട്ടര്‍ പട്ടികയിലോ ഇ.വി.എം യന്ത്രത്തിലോ ബി.ജെ.പി നടത്തുന്ന കൃത്രിമങ്ങളെ കുറിച്ച് ഇത്തവണ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ബോധവല്‍ക്കരിച്ചിട്ടുണ്ട്.'' ചതുര്‍വേദി പറഞ്ഞു.

ഉപതെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍ പട്ടികയില്‍ ബി.ജെ.പി കൃത്രിമം കാണിച്ചപ്പോള്‍ മണിക്കൂറുകള്‍ക്കകം അത് കണ്ടു പിടിക്കാന്‍ കോണ്‍ഗ്രസിനായി. ബൂത്തു തല സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയതു കൊണ്ടാണത്. രാമായണത്തില്‍ രാവണന്റെ അമ്മാവനായ മാരീചനെ പോലെയാണ് ശിവ്‌രാജ് ചൗഹാന്‍ മധ്യപ്രദേശിലെ ജനങ്ങളുടെ മാമയായി മാറുന്നത്. ഓരോ അവസരത്തിലും വേഷം കെട്ടി ജനങ്ങളെ വഞ്ചിക്കുകയാണ് ഇത്രയും കാലം അദ്ദേഹം ചെയ്തത്. ഇത് മധ്യപ്രദേശിലെ വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞതായി ചതുര്‍വേദി പറഞ്ഞു.

Full View
Tags:    

Similar News