മധ്യപ്രദേശിലെ മാല്‍വ മേഖലയില്‍ ആര് നേടും, ആര് വീഴും?
മാല്‍വ മേഖലയിലെ 66ല്‍ 57 സീറ്റും കഴിഞ്ഞ തവണ ബി.ജെ.പിയാണ് വിജയിച്ചത്.
എസ്.സി,എസ്.ടി അതിക്രമ വിരുദ്ധ നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയും സംവരണ വിഷയത്തിലെ മുന്നാക്ക വിഭാഗങ്ങളുടെ അതൃപ്തിയും മധ്യപ്രദേശില്‍ മാല്‍വ മേഖലയില്‍ ആര്‍ക്ക് ഗുണം ചെയ്യുമെന്ന് പറയാനാകില്ല. സാമാന്യ പിഛഡാ അല്‍പ്പസംഖ്യക് കല്യാണ്‍ സമാജ് എന്ന സപാക്‌സ് മുന്നണിയും രജപുത്രരുടെ സംഘടനയായ കര്‍ണി സേനയും നടത്തുന്ന പ്രത്യക്ഷ സമരം ബി.ജെ.പി കോട്ടയായ ഇന്‍ഡോര്‍-ഉജ്ജയിന്‍ മേഖലയില്‍ ചലനമുണ്ടാക്കുന്നുണ്ട്. അതേസമയം മുന്നാക്ക വിഭാഗങ്ങളുടെ ഭരണ വിരുദ്ധ വോട്ടുകള്‍ കോണ്‍ഗ്രസില്‍ എത്താതിരിക്കാനായി ആര്‍.എസ്.എസ് തട്ടിക്കൂട്ടിയ സംഘടനയാണ് സപാക്‌സ് എന്നും ആരോപണമുണ്ട്.
മാല്‍വ മേഖലയിലെ 66ല്‍ 57 സീറ്റും കഴിഞ്ഞ തവണ ബി.ജെ.പിയാണ് വിജയിച്ചത്. കോണ്‍ഗ്രസിനെ വോട്ടര്‍മാര്‍ തൂത്തുവാരിയ ഈ ജില്ലകളില്‍ പക്ഷെ ബി.ജെ.പി സര്‍ക്കാറുകള്‍ക്കെതിരെ കടുത്ത ജനവികാരമാണ് ഇപ്പോഴുള്ളത്. ഉജ്ജയിനില്‍ നിന്നും ജയിച്ചു കയറിയ കേന്ദ്ര മന്ത്രി തംവര്‍ചന്ദ് സിംഗ് ഗഹ്‌ലോത്തിനെതിരെയും ജനരോഷമുണ്ട്. എസ്.എസി^എസ്.ടി അതിക്രമ വിരുദ്ധ നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആദ്യം സ്വീകരിച്ച നിലപാട് സുപ്രീം കോടതി അംഗീകരിച്ചിട്ടും പീന്നീടത് തിരുത്തിയതാണ് രജ്പുത്തുകളെയും മറ്റ് മുന്നാക്ക വിഭാഗങ്ങളെയും ചൊടിപ്പിച്ചത്. ബി.ജെ.പി സര്‍ക്കാറുകളുടെ സംവരണ നിലപാടുകളെയും ഇവര്‍ ചോദ്യം ചെയ്യുന്നുണ്ട്. ഗഹ്‌ലോത്തിനോടുള്ള എതിര്‍പ്പ് ഉജ്ജയിനിലെ ഒരു മണ്ഡലത്തിലെങ്കിലും നേര്‍ക്കു നേരെ കോണ്‍ഗ്രസിനുള്ള പിന്തുണയായാണ് മാറുന്നത്. എങ്കിലും മറ്റു മണ്ഡലങ്ങളില്‍ കര്‍ണിസേന കോണ്‍ഗ്രസിനെ പരസ്യമായി പിന്തുണക്കുന്നില്ല.
കേന്ദ്രമന്ത്രി ഗഹലോത്തിന്റെ മകന്‍ ആലോട്ട് മണ്ഡലത്തില്‍ മല്‍സരിക്കുന്നുണ്ട്. ഞങ്ങള്‍ പരസ്യമായ വെല്ലുവിളിയാണ് ഇവിടെ ഉയര്‍ത്തുന്നത്. എസ്.എസി,എസ്.ടി നിയമത്തില്‍ ഭേദഗതി വരുത്തി പിന്നാക്ക സമുദായങ്ങളോട് യഥാര്‍ഥത്തില്‍ അനീതി കാണിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. അതിനുള്ള മറുപടിയാണ് ഞങ്ങള്‍ നല്‍കുന്നത്. ഈ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഞങ്ങളുടെയും സ്ഥാനാര്‍ഥിയാണ്.
90ഓളം സീറ്റുകളില്‍ കര്‍ണിസേനക്ക് ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കാനാവുമെന്നാണ് നേതാക്കളുടെ വാദം. ബി.ജെ.പിയുടെ ഉറച്ച വോട്ടുബാങ്കായിരുന്ന സവര്‍ണ വിഭാഗങ്ങള്‍ നോട്ടു നിരോധം അടക്കമുള്ള കാരണങ്ങളെ ചൊല്ലി പാര്‍ട്ടിയില്‍ നിന്ന് അകലുകയാണ് ഉണ്ടായതെങ്കിലും എസ്.എസി,എസ്.ടി നിയമമാണ് പ്രധാനമായും അവര്‍ ഉയര്‍ത്തിക്കാട്ടുന്നത്. നേരിയ വോട്ടുകള്‍ക്ക് ബി.ജെ.പി വിജയിച്ച മാല്‍വയിലെ മണ്ഡലങ്ങളില്‍ മുന്നാക്ക വിഭാഗങ്ങളുടെ ഈ അസംതൃപ്തി വോട്ടാക്കി മാറ്റാനുള്ള തീവ്ര പരിശ്രമത്തിലാണ് കോണ്‍ഗ്രസ്.