അപു എത്തി; ജി 20 ഉച്ചകോടിക്ക് എത്തിയ മോദിയെ അധിക്ഷേപിച്ച് അര്‍ജന്റീന ചാനല്‍
ദക്ഷിണേഷ്യക്കാരെ വംശീയമായി അധിക്ഷേപിക്കുന്നു എന്ന കാരണത്താല്‍ അപു എന്ന കഥാപാത്രം നേരത്തെ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.
ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അര്‍ജന്റീനയിലെ പ്രാദേശിക ടിവി ചാനൽ വംശീയമായി അധിക്ഷേപിച്ച സംഭവം സോഷ്യല്‍ മീഡിയയില്‍ വിവാദമാകുന്നു. ബ്യൂണിസ് ഐറിസില്‍ മോദി വിമാനമിറങ്ങിയപ്പോൾ അർജന്റീനയിലെ ക്രോണിക ടിവി ചാനലിൽ എഴുതിക്കാണിച്ചത് ‘അപു എത്തുന്നു’ എന്നാണ്. മോദി വിമാനമിറങ്ങുന്ന ചിത്രത്തിനൊപ്പം അപു എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ ചിത്രവും നല്‍കിയാണ്, അപു എത്തുന്നു എന്ന കാപ്‍ഷന്‍ ചാനല്‍ നല്‍കിയത്. കൂടെ സ്ലം ഡോഗ് മില്യനയര്‍ ചിത്രത്തിലെ റിങ് റിങ റിങ എന്ന ഗാനവും ഉണ്ടായിരുന്നു. ക്രോണിക ചാനലിനെതിരെ സമൂഹമാധ്യമങ്ങളില്‍ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.
അമേരിക്കന്‍ ടെലിവിഷന്‍ സീരീസായ സിംപ്സണ്‍സിലെ ഇന്ത്യന്‍ കഥാപാത്രമാണ് അപു. ദക്ഷിണേഷ്യക്കാരെ വംശീയമായി അധിക്ഷേപിക്കുന്നു എന്ന കാരണത്താല്‍ അപു എന്ന കഥാപാത്രം നേരത്തെ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.
അപു എന്ന കഥാപാത്രത്തിനെതിരെ മുമ്പും വിമര്‍ശനമുയര്‍ത്തിയ അമേരിക്കന്‍ കോമഡീയനായ ഹരി കൊണ്ടബോലു ആണ് ചാനലിന്റെ ഈ വംശീയാധിക്ഷേപത്തിനെതിരെ ആദ്യം രംഗത്തെത്തിയത്. ചാനലിന്റെ സ്ക്രീന്‍ ഷോട്ട് സഹിതമാണ് ഹരി ട്വീറ്റ് ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് മോദി ഉച്ചകോടിക്കായി അര്‍ജന്റീനയില്‍ വിമാനമിറങ്ങിയത്.