ഡ്യൂട്ടി സമയത്ത് പൊലീസ് ഉദ്യോഗസ്ഥർ മൊബൈൽ ഉപയോഗിക്കേണ്ട; വിലക്കി ഹരിയാന
മൊബൈൽ ഫോണുകളിൽ മുഴുകി ഔദ്യോഗിക കൃത്യനിർവഹണത്തിൽ പൊലീസ് ഉദ്യോഗസ്ഥർ അലംഭാവം കാണിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നിർദേശം
ന്യൂഡൽഹി: ഹരിയാനയിൽ ഡ്യൂട്ടി സമയത്ത് പൊലീസുകാർ മൊബൈൽ ഉപയോഗിക്കുന്നതിന് വിലക്ക്. അച്ചടക്കനടപടിയുടെ ഭാഗമായാണിത്. സീനിയർ ഉദ്യോഗസ്ഥരുടെ അനുമതിയുണ്ടെങ്കിൽ മാത്രമാണ് ഇനിമുതൽ ഉദ്യോഗസ്ഥർക്ക് മൊബൈൽ ഉപയോഗിക്കാനാവുക. എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും ഡിജിപിയുടെ ഓഫീസ് നിർദേശം നൽകി. ഡ്യൂട്ടി സമയത്ത് മൊബൈൽ ഫോണുകളിൽ മുഴുകി ഔദ്യോഗിക കൃത്യനിർവഹണത്തിൽ പൊലീസ് ഉദ്യോഗസ്ഥർ അലംഭാവം കാണിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നിർദേശം.
ഡ്യൂട്ടി സമയത്ത് മൊബൈൽ ഫോണുകളും മറ്റു ഇലക്ട്രോണിക് ആശയവിനിമയ ഉപകരണങ്ങളും സീനിയർ ഉദ്യോഗസ്ഥർക്ക് സമർപ്പിക്കണം. അവർ എല്ലാ ഉപകരണങ്ങളുടെയും രേഖകൾ സൂക്ഷിക്കും. ഫോണുപയോഗിക്കാൻ അനുമതിയുള്ള ഉദ്യോഗസ്ഥരുടെ രേഖകളും സീനിയർ ഉദ്യോഗസ്ഥർ കൈവശം വെക്കും. ട്രാഫിക് മാനേജ്മെന്റ്, വിഐപി ഡ്യൂട്ടി, ക്രമസമാധാന ചുമതലകൾ തുടങ്ങിയ പ്രത്യേക ചുമതലകൾ വഹിക്കുന്ന ഉദ്യോഗസ്ഥർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കർശനമായി വിലക്കിയിട്ടുണ്ട്.
പൊലീസ് ഉദ്യോഗസ്ഥരുടെ സംഘത്തിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥന് മൊബൈൽ ഉപയോഗിക്കാമെന്ന് നിർദേശത്തിൽ പറയുന്നു. അത്യാവശ്യഘട്ടങ്ങളിൽ അദ്ദേഹവുമായി ബന്ധപ്പെടാൻ മറ്റ് ഉദ്യോഗസ്ഥർക്ക് മൊബൈൽ ഉപയോഗിക്കാം. നടപടിയിലൂടെ പൊലീസ് ഉദ്യോഗസ്ഥരുടെ കാര്യക്ഷമത മെച്ചപ്പെടുമെന്നും പൊതുജനങ്ങൾക്ക് മുന്നിൽ അവരുടെ പ്രതിച്ഛായ വർദ്ധിക്കുമെന്നുമാണ് വിലയിരുത്തൽ.