സംവരണം; മഹാരാഷ്ട്രയില്‍ മറാത്തകള്‍ക്ക് പിന്നാലെ ബ്രാഹ്‌മണരും സമരത്തിലേക്ക്
മറാത്തകള്‍ക്കും ദാന്‍ഗര്‍സിനും ശേഷം സംവരണത്തിന് വേണ്ടി ബ്രാഹ്‌മണരും മഹാരാഷ്ട്രയില്‍ സമരത്തിലേക്ക്. സമസ്ത ബ്രാഹ്‌മിണ്‍ സമാജിന് കീഴിലാണ് വരുന്ന ജനുവരി 22ന് മുബൈ ആസാദ് മൈദാനില്‍ ബ്രാഹ്‌മണര്‍ സമരത്തിനിറങ്ങുന്നത്.
മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് സര്‍ക്കാര്‍ ഇപ്പോഴനുവദിച്ച പത്ത് ശതമാനം സംവരണം നിയമപരമായ പ്രശ്നങ്ങളിലേക്ക് നീങ്ങുന്നത് കൊണ്ട് തന്നെ അത് ലഭിക്കുന്ന കാര്യം സംശയത്തിലാണ്, അത് കൊണ്ട് തന്നെ ബ്രാഹ്‌മണ സമുദായത്തിന് വേറെ തന്നെ സംവരണം അനുവദിക്കണമെന്ന് സമസ്ത ബ്രാഹ്‌മിണ്‍ സമാജ് കണ്‍വീനര്‍ വിശ്വജീത് ദേശ്പാണ്ഡെ മാധ്യമങ്ങളോട് പറഞ്ഞു.
മഹാരാഷ്ട്രയിലെ വലിയ വിഭാഗം ബ്രാഹ്‌മണര്‍ ഇപ്പോഴും പിന്നാക്കക്കാരാണെന്നും ക്ഷേത്രങ്ങളിലെ പൂജ ജോലികളില്‍ നിന്നും മതിയായ വരുമാനം ലഭിക്കുന്നില്ലെന്നുമാണ് സമസ്ത ബ്രാഹ്‌മിണ്‍ സമാജിന്റെ പ്രധാന പരാതി. പെന്‍ഷന്‍യിനത്തില്‍ മാസത്തില്‍ 5000 രൂപ നല്‍കണമെന്നുള്‍പ്പെടെ 15 ഇന ഡിമാന്റുകളാണ് സംഘടന സര്‍ക്കാരിന് മുന്നില്‍ വെക്കുന്നത്. ബ്രാഹ്‌മണ സമുദായത്തിന് മാത്രമായി പ്രത്യേക സാമ്പത്തിക വികസന ബോര്‍ഡ് സ്ഥാപിക്കണമെന്നും പി.ജി വരെയുള്ള വിദ്യാഭ്യാസം സൗജന്യമാക്കണമെന്നുമാണ് സംഘടനയുടെ ആവശ്യം.
മറാത്തക്കാരുടെ അക്രമകരമായ സമര പരമ്പരങ്ങള്‍ക്ക് ശേഷം മഹാരാഷ്ട്ര സര്‍ക്കാര്‍ 2018 ഡിസംബറില്‍ 16 ശതമാനം സംവരണം അനുവദിച്ചിരുന്നു. സംസ്ഥാനത്തെ ആകെയുള്ള സംവരണം ഇപ്പോള്‍ 68 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.