കുഞ്ഞുമകനെ ഒരു നോക്ക് കൂടി കാണാന്‍ കഴിയാതെ ആ ധീരജവാന്‍ ഓര്‍മ്മയായി

പഞ്ചാബിലെ ഗാന്ധിവിന്ദ് ഗ്രാമത്തില്‍ നിന്ന് രാജ്യത്തിന്റെ അതിര്‍ത്തി കാക്കാന്‍ സ്വയം സമര്‍പ്പിച്ച് സൈന്യത്തിനൊപ്പം ചേര്‍ന്ന ധീരനായിരുന്നു സുഖ്ജീന്ദര്‍ സിങ്.

Update: 2019-02-15 09:25 GMT
Advertising

സി.ആര്‍.പി.എഫിലെ ഹെഡ് കോണ്‍സ്റ്റബിളായിരുന്നു സുഖ്ജീന്ദര്‍ സിങ്. പുല്‍വാമയില്‍ ഇന്നലെയുണ്ടായ ഭീകരാക്രമണത്തിന് ഏതാനും മണിക്കൂറുകള്‍ മുമ്പ് സുഖ്ജീന്ദര്‍ വീട്ടിലേക്ക് ഫോണില്‍ വിളിച്ചിരുന്നു. മാതാപിതാക്കളോടും സഹോദരനോടും ഭാര്യയോടും പിന്നെ ഏഴു മാസം മാത്രം പ്രായമുള്ള തന്റെ കുഞ്ഞുമോനോടും സുഖ്ജീന്ദര്‍ സംസാരിച്ചു. താന്‍ സേനയ്ക്കൊപ്പം കശ്‍മീരിലേക്കു പോകുകയാണെന്നും ക്യാമ്പില്‍ എത്തിയ ശേഷം വൈകീട്ട് വിളിക്കാമെന്നും പറഞ്ഞു ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചു. പക്ഷെ, സുഖ്ജീന്ദറിന്റെ കുടുംബത്തെ കാത്തിരുന്നത് ഒരു ദുരന്ത വാര്‍ത്തയായിരുന്നു.

പഞ്ചാബിലെ ഗാന്ധിവിന്ദ് ഗ്രാമത്തില്‍ നിന്ന് രാജ്യത്തിന്റെ അതിര്‍ത്തി കാക്കാന്‍ സ്വയം സമര്‍പ്പിച്ച് സൈന്യത്തിനൊപ്പം ചേര്‍ന്ന ധീരനായിരുന്നു സുഖ്ജീന്ദര്‍ സിങ്. ഇന്നലെ വൈകീട്ട് ആറു മണിയോടെ ആ വാര്‍ത്ത സുഖ്ജീന്ദര്‍ സിങിന്റെ പിതാവ് ഗുര്‍മെസ് സിങിനെ തേടിയെത്തി. ആ കുടുംബത്തിന് താങ്ങാനാവുന്നതിലുമപ്പുറമായിരുന്നു ആ ദുരന്ത വാര്‍ത്ത. വിവാഹത്തിന് ശേഷം ഏഴു വര്‍ഷത്തെ കാത്തിരിപ്പിനും പ്രാര്‍ഥനകള്‍ക്കും ഒടുവില്‍ സുഖ്ജീന്ദര്‍ സിങിന് ദൈവം കനിഞ്ഞുനല്‍കിയ ഏഴു മാസം പ്രായമുള്ള കുഞ്ഞുമകന്‍ അപ്പോഴും ഒന്നുമറിഞ്ഞിട്ടുണ്ടായിരുന്നില്ല.

സി.ആര്‍.പി.എഫിന്റെ 76 ബാറ്റാലിയനിലെ അംഗമായിരുന്നു സുഖ്ജീന്ദര്‍. 2003 ലാണ് 19 ാമത്തെ വയസില്‍ സുഖ്ജീന്ദര്‍ സി.ആര്‍.പി.എഫിന്റെ ഭാഗമായത്. എട്ട് മാസം മുമ്പായിരുന്നു ഹെഡ് കോണ്‍സ്റ്റബിള്‍ പദവി സുഖ്ജീന്ദറിനെ തേടിയെത്തിയത്. ഒരു കുടുംബത്തിന്റെ ഏക അത്താണി ആയിരുന്നു സുഖ്ജീന്ദര്‍ സിങ്. തന്റെ കുഞ്ഞുമകനെ കാണാന്‍ ജനുവരിയില്‍ സുഖ്ജീന്ദര്‍ സിങ് നാട്ടില്‍ എത്തിയിരുന്നു. ഒരു മാസത്തോളം കുടുംബത്തിനൊപ്പം ചെലവഴിച്ച ശേഷമാണ് സുഖ്ജീന്ദര്‍ സേനയ്ക്കൊപ്പം ചേര്‍ന്നത്. നാലു മാസം കഴിഞ്ഞ് വീണ്ടും കാണാമെന്ന ഉറപ്പോടെയായിരുന്നു സുഖ്ജീന്ദര്‍ മടക്കം. 20 വര്‍ഷം സൈനിക സേവനം പൂര്‍ത്തിയാക്കിയ ശേഷം വിരമിക്കാനും കുടുംബത്തോടൊപ്പം ചേരാനുമായിരുന്നു സുഖ്ജീന്ദറിന്റെ പദ്ധതി. പക്ഷേ...

Tags:    

Similar News