അസമില്‍ ബി.ജെ.പി നേതാവിന്‍റെ കാറില്‍ ഇവിഎം മെഷീന്‍; വീഡിയോ പുറത്ത്

അസമില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് സംഭവം

Update: 2021-04-02 04:59 GMT
Advertising

അസമില്‍ ബിജെപി നേതാവിന്‍റെ കാറില്‍ നിന്ന് ഇവിഎം മെഷീന്‍ കണ്ടെടുത്തു. പത്താര്‍കണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്‌ണേന്ദു പോളിന്‍റെ കാറില്‍ നിന്നാണ് ഇന്നലെ രാത്രി ഇവിഎമ്മുകള്‍ കണ്ടെത്തിയത്. അസമില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് കാറിനുള്ളില്‍ നിന്ന് ഇംവിഎം മെഷീന്‍ കണ്ടെടുക്കുന്ന വീഡിയോ പുറത്തു വന്നിരിക്കുന്നത്. നാട്ടുകാരാണ് കാര്‍ തടഞ്ഞുനിര്‍ത്തി കാറിന്‍റെ ഡിക്കിയില്‍ നിന്ന് ഇവിഎം മെഷീനുകള്‍ കണ്ടെത്തിയത്.

അസാമിലെ മാധ്യമപ്രവര്‍ത്തകനായ അതാനു ഭുയാനാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. പത്താര്‍കണ്ഡിയിലെ സാഹചര്യത്തില്‍ ആശങ്കയുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം വീഡിയോ ട്വീറ്റ് ചെയ്തത്.

വീഡിയോ പുറത്തുവന്നതോടെ രണ്ടാംഘട്ട വോട്ടെടുപ്പില്‍ ബിജെപി അട്ടിമറി നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഇവിഎം മെഷീന്‍ കണ്ടെടുത്ത സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്ന് പ്രിയങ്കാ ഗാന്ധി ആവശ്യപ്പെട്ടു. അട്ടിമറിയിലൂടെ മാത്രമേ ബിജെപിക്ക് അസമില്‍ അധികാരത്തില്‍ എത്താനാകൂ എന്ന് കരുതുന്നതിനാലാണ് ഇവിഎമ്മില്‍ കൃത്രിമത്വം കാണിക്കുന്നതെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം.

അസമില്‍ മൂന്നു ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 27നായിരുന്നു ആദ്യഘട്ടം. രണ്ടാം ഘട്ടം ഏപ്രില്‍ ഒന്നായ ഇന്നലെയായിരുന്നു. ഏപ്രില്‍ ആറിനാണ് അവസാന ഘട്ടം. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍. സംസ്ഥാനത്തെ 126 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്ത് പ്രധാന പോരാട്ടം ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ്. അഞ്ചു വര്‍ഷം മുമ്പ് നഷ്ടപ്പെട്ട അധികാരം തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. അധികാരം നിലനിര്‍ത്താനാകുമെന്ന വിശ്വാസത്തില്‍ ബിജെപിയും.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News