രാമക്ഷേത്ര നിര്‍മാണം: വി.എച്ച്.പി പിരിച്ച 22 കോടി രൂപയുടെ ചെക്ക് മടങ്ങിയതായി റിപ്പോർട്ട്
മടങ്ങിയ 15,000 ചെക്കുകളിൽ, രണ്ടായിരത്തോളം ലഭിച്ചത് അയോധ്യയിൽ നിന്നാണ്
രാമക്ഷേത്രത്തിനായി വിശ്വ ഹിന്ദു പരിഷത്ത് പിരിച്ച 22 കോടി രൂപയുടെ പതിനയ്യായിരത്തോളം ബാങ്ക് ചെക്കുകൾ മടങ്ങിയതായി റിപ്പോർട്ട്. സാങ്കേതിക തകരാറാണോ ഇതിന് പിന്നിലെന്ന കാര്യം വ്യക്തമല്ല. പ്രശ്ന പരിഹാരത്തിനായി ബാങ്കുകൾ ശ്രമിക്കുന്നുണ്ടെന്ന് പറഞ്ഞ ശ്രീ റാം ജന്മഭൂമി തീർഥ് ക്ഷേത്ര ട്രസ്റ്റ് അംഗം ഡോ അനിൽ മിശ്ര, ഒരിക്കൽ കൂടി സംഭാവനകൾ നൽകാനും ആവശ്യപ്പെട്ടു.
ക്ഷേത്ര നിർമാണത്തിനായി കേന്ദ്രം സ്ഥാപിച്ചതാണ് ശ്രീ റാം ജന്മഭൂമി തീർഥ് ക്ഷേത്ര. ബാങ്ക് അക്കൗണ്ടുകളിൽ ഫണ്ടില്ലാത്തതോ, സാങ്കേതിക തകരാറോ ആവാം ചെക്ക് മടങ്ങാൻ കാരണമെന്ന് ട്രസ്റ്റ് അറിയിച്ചു. മടങ്ങിയ 15,000 ചെക്കുകളിൽ, രണ്ടായിരത്തോളം ലഭിച്ചത് അയോധ്യയിൽ നിന്നാണ്.
രാമക്ഷേത്ര നിർമാണത്തിനായി ജനുവരി പതിനഞ്ച് മുതൽ ഫെബ്രുവരി പതിനേഴ് വരെ വി.എച്ച്.പി രാജ്യവ്യാപക കളക്ഷൻ ക്യാമ്പയിനാണ് നടത്തിയിരുന്നത്. അയ്യായിരത്തോളം കോടി രൂപ ഇക്കാലയളവിൽ പിരിച്ചുവെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ക്ഷേത്ര ട്രസ്റ്റ് ഇത് സ്ഥിരീകരിച്ചിട്ടില്ല.