'ഇസ്രായേല്‍ ഭീകര രാജ്യം'; ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി സ്വര ഭാസ്കര്‍
"ഫലസ്തീനൊപ്പം നിൽക്കുകയും നീതി തേടുകയും വേണം"
ഫലസ്തീനികൾക്കെതിരായ ഇസ്രായേൽ ആക്രമണത്തിൽ പ്രതിഷേധവുമായി നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്കർ. ഇസ്രായേൽ ആക്രമണത്തിൽ കുട്ടികള്‍ ഉള്‍പ്പെടെ 22 പേര്‍ ഗസ്സയിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് 'ഇസ്രായേൽ ഭീകര രാജ്യമാണ്' എന്ന് സ്വര ഭാസ്കര്‍ ട്വീറ്റ് ചെയ്തത്.
ഇസ്രായേൽ ഒരു വർണ വിവേചനമുള്ള രാജ്യമാണ്. ഇസ്രായേൽ ഒരു ഭീകര രാജ്യമാണ്. അതിൽ കൂടുതൽ ഒന്നും പറയാനില്ല' -ഒരു ട്വീറ്റിൽ സ്വര പറഞ്ഞു. 'ഫലസ്തീനൊപ്പം നിൽക്കുകയും അവർക്ക് നീതി തേടുകയും ചെയ്യുകയെന്നത് ഒരു ഇസ്ലാമിക ആവശ്യമല്ല. അത് പ്രാഥമികമായും പ്രധാനമായും സാമ്രാജ്യത്വ വിരുദ്ധവും അധിനിവേശ വിരുദ്ധവും വർഗവിവേചനത്തിനെതിരായതുമാണ്. അതുകൊണ്ട് നമ്മുടെയെല്ലാം ഉള്ളിൽ-മുസ്‍ലിംകളല്ലാത്തവരിൽ പോലും അതൊരു ആശങ്കയായി നിറയേണ്ടതുണ്ട്.'-സ്വര ട്വീറ്റ് ചെയ്തു.
2010ൽ ഏഷ്യയിൽ നിന്ന് ഗസ്സയിലേക്ക് നടത്തിയ ഐക്യദാർഢ്യ പ്രകടനത്തിൽ പങ്കെടുത്തതിന്റെയും 2011ൽ ഗസ്സ സന്ദർശിച്ചതിന്‍റെയും ഫോട്ടോയും സ്വര ഭാസ്കര്‍ പങ്കുവെച്ചു
ഏഴു വർഷത്തിനിടെ ഏറ്റവും കൂടുതൽ ഫലസ്തീനികൾ കൊല്ലപ്പെട്ട ആക്രമണമാണ് ഗസ്സയിൽ നടന്നത്. മസ്ജിദുൽ അഖ്സയിൽ മൂന്ന് ദിവസമായി തുടരുന്ന അതിക്രമത്തിനിടെയാണ് ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. മസ്ജിദുൽ അഖ്സയോടു ചേർന്നുള്ള ശൈഖ് ജർറാഹ് പ്രദേശത്തെ ഫലസ്തീനി താമസക്കാരെ കുടിയൊഴിപ്പിക്കുന്നതിനെതിരെ ആരംഭിച്ച പ്രക്ഷോഭമാണ് മേഖലയെ വീണ്ടും സംഘർഷഭരിതമാക്കിയത്.