ഒരു ഐസിയു ബെഡും മുപ്പതോളം രോഗികളും.. നിസ്സഹായരായിപ്പോകുന്നുവെന്ന് ബംഗളൂരുവിലെ ഡോക്ടര്‍മാര്‍

എല്ലാവരും ഒരുമിച്ച് നിന്ന്, പരസ്പരം പിന്തുണച്ച് ഈ മഹാമാരിക്കെതിരെ പോരാടേണ്ട സമയമാണിതെന്ന് ഡോക്ടര്‍മാര്‍

Update: 2021-05-09 05:41 GMT
Advertising

കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ രോഗികള്‍ക്ക് മതിയായ ചികിത്സ ഉറപ്പുവരുത്താന്‍ കഴിയാതെ നിസ്സഹായരായിപ്പോകുന്നുവെന്ന് ബംഗളൂരുവിലെ ഡോക്ടര്‍മാര്‍. അതീവ ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് വരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കാന്‍ കിടക്ക ഒഴിവില്ലെന്ന് എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ഡോക്ടര്‍മാര്‍ പറഞ്ഞു.

"മിക്ക ദിവസങ്ങളിലും ഒഴിവ് വരുന്നത് ഒരു ഐസിയു ബെഡ് മാത്രമാണ്. അതിനായി മുപ്പതോളം ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ കാത്തിരിക്കുകയാണ്. ഇവരില്‍ നിന്ന് ഒരാളെ മാത്രമേ ഐസിയുവില്‍ പ്രവേശിപ്പിക്കാന്‍ കഴിയുന്നുള്ളൂ. ബാക്കിയുള്ള 29 പേരുടെ ജീവന്‍ അപകടത്തിലാണെന്ന് ഓര്‍ക്കുമ്പോള്‍ നിസ്സഹായരായിപ്പോകുന്നു"- കോവിഡ് കെയര്‍ ആശുപത്രിയിലെ ജൂനിയര്‍ റെസിഡന്‍റ് ഡോക്ടര്‍ ശില്‍പ പറഞ്ഞു.

കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ 47,563 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 482 പേര്‍ മരിച്ചു. ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞ അവസ്ഥയാണ്. മെഡിക്കല്‍ ഓക്സിജന്‍ ആവശ്യകതയും വര്‍ധിച്ചു. ആരോഗ്യപ്രവര്‍ത്തകരാകട്ടെ മാനസികമായും ശാരീരികമായും തളര്‍ന്ന അവസ്ഥയിലാണ്.

"കഴിഞ്ഞ രണ്ടാഴ്ചയായി ബംഗളൂരുവില്‍ കോവിഡ് അതിവ്യാപനമാണ്. 170 രോഗികളെ ചികിത്സിക്കാന്‍ രണ്ട് ഡോക്ടര്‍മാര്‍ മാത്രം എന്ന അവസ്ഥയിലേക്ക് രോഗികളുടെ എണ്ണം കൂടുന്നു. പലപ്പോഴും രോഗികള്‍ക്ക് വേണ്ട പരിചരണം നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ്. കോവിഡിന്‍റെ ആദ്യ ഘട്ടവുമായി താരതമ്യം ചെയ്യുമ്പോള്‍ രണ്ടാം ഘട്ടം ദുഷ്കരമാണ്"- ഡോ.ശില്‍പ പറഞ്ഞു.

"48 മണിക്കൂര്‍ വരെ വിശ്രമമില്ലാതെ ജോലി ചെയ്യുകയാണ് ഡോക്ടര്‍മാര്‍. അക്കാര്യത്തില്‍ ജൂനിയര്‍, സീനിയര്‍ വ്യത്യാസമൊന്നുമില്ല. 6-8 മണിക്കൂര്‍ പിപിഇ കിറ്റില്‍ ഭക്ഷണം കഴിക്കാതെ, വെള്ളം കുടിക്കാതെ, ടോയ്‍ലറ്റില്‍ പോലും പോകാന്‍ കഴിയാതെ, ഈ കൊടുംചൂടില്‍ രോഗികളെ ചികിത്സിക്കുകയാണ്. വാര്‍ഡുകളില്‍ നിന്ന് വാര്‍ഡുകളിലേക്ക് ഓട്ടമാണ്. വല്ലാതെ തളരുന്നു"- സര്‍ക്കാര്‍ ആശുപത്രിയിലെ റസിഡന്‍റ് ഡോക്ടര്‍ ജീവന്‍ പറഞ്ഞു.

ഇതോടൊപ്പം രോഗികളുടെ ബന്ധുക്കളുമായുള്ള ഇടപെടലും ഡോക്ടര്‍മാര്‍ക്ക് എളുപ്പമല്ല- "മിക്ക രോഗികള്‍ക്കും മെഡിക്കല്‍ ഓക്സിജന്‍ ആവശ്യമാണ്. അത് കിട്ടാതെ വരുമ്പോള്‍ പ്രിയപ്പെട്ടവരുടെ ബുദ്ധിമുട്ട് കാണുമ്പോള്‍ ബന്ധുക്കള്‍ ഞങ്ങളോട് തട്ടിക്കയറും. ഇതോടെ ഞങ്ങള്‍ കൂടുതല്‍ സമ്മര്‍ദത്തിലാകും. മതിയായ ചികിത്സാ ഉപകരണങ്ങള്‍ ഇല്ലാതെ ഞങ്ങള്‍ നിസ്സഹായരാവുകയാണ്"- അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍ നവീന്‍ ജയരാജ് പറഞ്ഞു.

ഇതിനിടെ കോവിഡ് ബാധിച്ച് മരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും എണ്ണവും കൂടുതലാണ്. വീട്ടിലുള്ളവര്‍ക്ക് രോഗം കൊണ്ടുപോയി കൊടുക്കുമോ എന്ന ആശങ്ക കാരണം ജോലി കഴിഞ്ഞ് വീട്ടില്‍ പോകാന്‍ പോലും ഭയമാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. എല്ലാവരും ഒരുമിച്ച് നിന്ന്, പരസ്പരം പിന്തുണച്ച് ഈ മഹാമാരിക്കെതിരെ പോരാടേണ്ട സമയമാണിതെന്നും ഡോക്ടര്‍മാര്‍ ഓര്‍മിപ്പിക്കുന്നു. കോവിഡ് അതിവ്യാപനം തടയാന്‍ കര്‍ണാടക മെയ് 10 മുതല്‍ മെയ് 24 വരെ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News