ചൈനയില്‍ നിന്ന് 3,600 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഇന്ത്യയിലെത്തി
വരും ആഴ്ചകളില്‍ കൂടുതല്‍ ലോഡുകള്‍ രാജ്യത്ത് എത്തിയേക്കുമെന്നാണ് വിവരം.
കോവിഡിന്‍റെ അതിതീവ്ര വ്യാപനത്തില്‍ വലയുന്ന ഇന്ത്യയ്ക്ക് വിദേശരാജ്യങ്ങളിൽ നിന്നുള്ള സഹായം തുടരുന്നു. ചൈനയില്‍ നിന്ന് ഏകദേശം 100 ടണ്‍ ഭാരമുള്ള 3,600 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളാണ് ഡല്‍ഹിയിലെത്തിയത്. ചൈനയിലെ ഹാങ്ഷൗ വിമാനത്താവളത്തില്‍ നിന്ന് ബോയിംഗ് 747-400 വിമാനത്തിലായിരുന്നു ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഇന്ത്യയിലെത്തിച്ചത്.
ഇന്ന് ഉച്ചകഴിഞ്ഞാണ് ജംബോ ചാര്‍ട്ടര്‍ വിമാനം ഡല്‍ഹി വിമാനത്താവളത്തിലെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. ഈ ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഡല്‍ഹിയിലെയും ഉത്തരേന്ത്യയിലെയും നഗരങ്ങള്‍ നേരിടുന്ന ഓക്സിജന്‍ പ്രതിസന്ധി പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരും ആഴ്ചകളിലും ഇത്തരം ലോഡുകള്‍ രാജ്യത്ത് എത്തിയേക്കുമെന്നാണ് വിവരം.
വിവിധ വിദേശ രാജ്യങ്ങളിൽനിന്നും സംഘടനകളിൽനിന്നും ഏപ്രിൽ 27 മുതൽ കേന്ദ്രസർക്കാർ അന്താരാഷ്ട്ര സംഭാവനകളും കോവിഡ് മെഡിക്കൽ സാമഗ്രികളും സ്വീകരിക്കുന്നുണ്ട്. മെയ് 15വരെ 11,058 ഓക്സിജൻ കോൺസെൻട്രേറ്ററുകളും 13,496 ഓക്സിജൻ സിലിണ്ടറുകളും 19 ഓക്സിജൻ ഉൽപാദന പ്ലാൻറുകളും 7365 വെന്‍റിലേറ്ററുകളുമാണ് വിവിധ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലെത്തിയത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കസാഖിസ്ഥാന്‍, ജപ്പാൻ, സ്വിറ്റ്സർലൻഡ്, ഒന്‍റാരിയോ (കാനഡ), യു.എസ്.എ, ഈജിപ്ത്, യു.കെ എന്നിവിടങ്ങളിൽനിന്ന് 100 ഓക്സിജൻ കോൺസെൻട്രേറ്ററുകളും 300 ഓക്സിജൻ സിലിണ്ടറുകളും വെന്‍റിലേറ്ററുകളും 40,000 റെംഡെസിവിറും മാസ്ക്കുകളും സുരക്ഷാ സ്യൂട്ടുകളും എത്തിയിരുന്നു.