നിറത്തിന്റെ പേരില്‍ ഫംഗസുകളെ വേര്‍തിരിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നു: എയിംസ് ഡയരക്ടര്‍
കോവിഡിന്റെ മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കുമെന്ന പ്രചാരണത്തില്‍ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
നിറത്തിന്റെ പേരില്‍ ഫംഗസ് അണുബാധയെ വേര്‍തിരിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുമെന്ന് എയിംസ് ഡയരക്ടര്‍. ഫംഗസ്ബാധ ഒരു സാംക്രമിക രോഗമല്ലെന്നും വ്യത്യസ്ത ഇടങ്ങളില്‍ അതിന്റെ നിറം വ്യത്യാസപ്പെട്ടിരിക്കുമെന്നും ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു.
മ്യൂകോര്‍മൈക്കോസിസ്, കാന്‍ഡിഡ, ആസ്പര്‍ഗില്ലോസിസ് എന്നിങ്ങനെ മൂന്ന് തരത്തിലുള്ള ഫംഗസ് ബാധയാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. മ്യൂകോര്‍മൈക്കോസിസ് കൂടുതലായും കോവിഡിന് ശേഷമുള്ള ആരോഗ്യപ്രശ്‌നമായാണ് കാണപ്പെടുന്നത്. ആസ്‌പെര്‍ഗില്ലോസിസ് ശ്വാസകോശത്തെ ബാധിക്കുന്ന അണുബാധയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിരോധശേഷി കുറഞ്ഞവരിലാണ് മൂന്ന് രോഗങ്ങളും കാണപ്പെടുന്നത്. ഈ ഫംഗസുകള്‍ പ്രധാനമായും സൈനസുകള്‍, മൂക്ക്, കണ്ണിന് ചുറ്റുമുള്ള അസ്ഥികള്‍ എന്നിവയെയാണ് ബാധിക്കുക. അണുബാധ രൂക്ഷമായാല്‍ തലച്ചോറിനെയും ചിലപ്പോള്‍ ശ്വാസകോശത്തെയും ബാധിക്കാന്‍ സാധ്യതയുണ്ടെന്നും എയിംസ് ഡയരക്ടര്‍ പറഞ്ഞു.
കോവിഡിന്റെ മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കുമെന്ന പ്രചാരണത്തില്‍ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രചാരണങ്ങള്‍ക്ക് യാതൊരു ശാസ്ത്രീയ വസ്തുതയുമില്ലെന്ന് പീഡിയാട്രിക് അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. കോവിഡിന്റെ മൂന്നാം തരംഗം കുട്ടികളെ യാതൊരു തരത്തിലും ബാധിക്കില്ലെന്നും ജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്നും ഡോ.ഗുലേറിയ പറഞ്ഞു.