ഗാസിയാബാദ് സംഭവത്തില്‍ മതവിദ്വേഷം പരത്തുന്ന ട്വീറ്റ്; സ്വര ഭാസ്കറിനും ട്വിറ്റര്‍ മേധാവിക്കുമെതിരെ പരാതി

വയോധികന് മര്‍ദനമേറ്റ സംഭവം വർഗീയവത്​കരിച്ച് സാമുദായിക ഭിന്നിപ്പിന് ശ്രമിച്ചുവെന്നാണ് അഭിഭാഷകനായ അമിത്​ ആചാര്യയുടെ പരാതി.

Update: 2021-06-17 11:05 GMT
Advertising

ഗാസിയാബാദിൽ മുസ്​ലിം വയോധികനെ മർദിച്ചതുമായി ബന്ധപ്പെട്ട ട്വീറ്റ്​ പങ്കുവെച്ചതിന് നടി സ്വരഭാസ്കര്‍, ട്വിറ്റര്‍ ഇന്ത്യയുടെ എം.ഡി മനീഷ്​ മഹേശ്വരി, മാധ്യമപ്രവര്‍ത്തകായ അര്‍ഫ ഖാനം ഷെര്‍വാണി തുടങ്ങിയവര്‍ക്കെതിരെ പരാതി ലഭിച്ചതായി ഡൽഹി പൊലീസ്. സംഭവത്തിന്​ സാമുദായിക നിറം നൽകാൻ ശ്രമിച്ചുവെന്നും പൗരൻമാർക്കിടയിൽ വിദ്വേഷം വളർത്താൻ ശ്രമിച്ചുവെന്നുമാണ് പരാതിയില്‍ പറയുന്നത്. 

അഭിഭാഷകനായ അമിത്​ ആചാര്യയാണ് കഴിഞ്ഞ ദിവസം തിലക്​ മാർഗ്​ സ്റ്റേഷനില്‍ പരാതി സമര്‍പ്പിച്ചത്. വയോധികനെ ആക്രമിച്ചതിൽ ഹിന്ദു, മുസ്​ലിം സമുദായങ്ങളിൽ ഉൾപ്പെട്ടവർ ഉണ്ടായിരുന്നു.  എന്നാൽ, സ്വര ഭാസ്​കർ ഉൾപ്പെടെയുള്ളവർ അതിനെ വർഗീയവത്​കരിച്ച് സാമുദായിക ഭിന്നിപ്പിന് ശ്രമിച്ചുവെന്ന് അമിത്​ ആചാര്യ പരാതിയില്‍ ചൂണ്ടിക്കാട്ടി.

ഇവരുടെ ഔദ്യോഗിക അക്കൗണ്ടുകളിൽ ലക്ഷക്കണക്കിന്​ ഫോളോവേഴ്​സുണ്ട്​. അതിനാൽ തന്നെ അവരുടെ ട്വീറ്റുകൾ സമൂഹത്തിൽ പ്രത്യാഘാതം സൃഷ്​ടിക്കും. സാമുദായികവശം ഇല്ലെന്നറിഞ്ഞിട്ടും ട്വിറ്റർ മേധാവി മഹേശ്വരി അവ നീക്കം ചെയ്യാതെ വ്യാജവാർത്തകൾ പ്രചരിപ്പിക്കാൻ അവസരം നല്‍കിയെന്നും പരാതിയില്‍ പറയുന്നു. വിഷയത്തില്‍ പൊലീസ്​ കേസെടുത്ത്​ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാണ് പരാതിക്കാരന്‍റെ​ ആവശ്യം.

പരാതിയില്‍ ആവശ്യമായ ​അന്വേഷണം നടത്തുമെന്ന് ഡൽഹി ഡി.സി.പി ദീപക്​ യാദവ് പറഞ്ഞു. അതേസമയം, യാസിയാബാദ് സംഭവത്തില്‍ കോൺഗ്രസ്​ നേതാക്കൾക്കെതിരെയും മാധ്യമപ്രവർത്തകർക്കെതിരെയും പൊലീസ് നേരത്തെ എഫ്​.ഐ.ആർ രജിസ്റ്റര്‍ ചെയ്തിരുന്നു. വ്യാജവാർത്തകൾ പ്രചരിപ്പിച്ച്​ സാമുദായിക ഐക്യം തകർക്കാൻ ശ്രമിച്ചുവെന്നാരോപിച്ചായിരുന്നു കേസ്. 

ജൂൺ അഞ്ചിനാണ്​ അബ്​ദുസമദ്​ എന്ന വയോധികനെ ഒരു സംഘം ആക്രമിച്ചത്​. ഇതിന്‍റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഏതാനും പേർ ചേർന്ന്​ തന്നെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും ജയ്​ ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട്​ മർദിച്ചെന്നുമാണ് അബ്​ദുസമദ്​ പറഞ്ഞത്. എന്നാൽ പ്രവർത്തിക്കാത്ത ​മന്ത്രത്തകിട്​ വിറ്റതിനാണ്​ പ്രതികൾ വയോധികനെ മർദിച്ചതെന്നായിരുന്നു പൊലീസ്​ വാദം. സംഭവത്തിൽ സാമുദായിക വിവേചനം ഇല്ലെന്നും പൊലീസ്​ വാദിച്ചിരുന്നു.

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News