'തെരഞ്ഞെടുപ്പ് തിരിച്ചടി ചർച്ച ചെയ്യേണ്ട സമയമല്ലിത്, മഹാമാരിയാണ് വിഷയം': കപിൽ സിബൽ
രാജ്യത്തെ നിലവിലെ അവസ്ഥയ്ക്ക് കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് എന്നും സിബൽ കുറ്റപ്പെടുത്തി
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തിരിച്ചടികളെ സംബന്ധിച്ച് ആത്മപരിശോധന ഉണ്ടാകുമെന്നും എന്നാൽ രാജ്യം കോവിഡ് മഹാമാരിയുടെ പിടിയിൽ നിൽക്കുന്ന സമയം അതിനു പറ്റിയതല്ലെന്നും കോൺഗ്രസ് നേതാവ് കപിൽ സിബൽ. 'തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് എല്ലാവർക്കും ആകുലതയുണ്ട്. എന്നാൽ രാജ്യം ആരോഗ്യ അടിയന്തരാവസ്ഥയെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ മഹാമാരിയാണ് ചർച്ച ചെയ്യുന്നത്' - സിബിൽ പറഞ്ഞു.
രാജ്യത്തെ നിലവിലെ അവസ്ഥയ്ക്ക് കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് എന്നും സിബൽ കുറ്റപ്പെടുത്തി. ആളുകൾ ഓക്‌സിജനും ബെഡുകളുമില്ലാതെ മരിച്ചുവീഴുമ്പോൾ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പശ്ചിമബംഗാൾ, പുതുച്ചേരി, കേരളം, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരിച്ചടികളോടായിരുന്നു കോണ്‍ഗ്രസ് നേതാവിന്‍റെ പ്രതികരണം. തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളില്‍ തമിഴ്‌നാട്ടിൽ മാത്രമാണ് പാർട്ടിക്ക് അധികാരത്തിലെത്താനായത്. തമിഴ്‌നാട്ടിൽ ഡിഎംകെയുടെ സഖ്യകക്ഷിയാണ് കോൺഗ്രസ്.
സമാന അഭിപ്രായമാണ് മുതിർന്ന നേതാവ് ഗുലാംനബി ആസാദും പങ്കുവച്ചത്. മഹാമാരിയെ നിയന്ത്രിക്കുക എന്നതാണ് ഇപ്പോഴത്തെ മുൻഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.