വ്യാജ പേയ്മന്‍റ് ആപ്പ് ഉപയോഗിച്ച് ഇരുന്നൂറിലധികം കടയുടമകളെ കബളിപ്പിച്ച യുവാവ് പിടിയിൽ

ഓൺലൈൻ പേയ്‌മെന്‍റ് ആപ്പുകളായ പേടിഎമ്മിന്‍റേയും ഗൂഗിൾ പേയുടെയും വ്യാജപതിപ്പുകളുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്

Update: 2021-05-29 16:45 GMT
Editor : Nidhin | By : Web Desk
Advertising

പേടിഎമ്മിന്റെയും ഗൂഗിൾ പേയുടെയും വ്യാജ ആപ്പുകൾ ഉപയോഗിച്ച് ഇരുന്നൂറിലധികം കടയുടമകളെ കബളിപ്പിച്ച യുവാവ് പിടിയിൽ. ഡൽഹിയിലെ ഉത്തംനഗറിലാണ് സംഭവം. 27 വയസുള്ള ഉത്തംനഗർ സ്വദേശിയായ കുനാൽ ശർമയാണ് പൊലീസ് പിടിയിലായത്. പ്രമുഖ ഓൺലൈൻ പേയ്‌മെന്റ് ആപ്പുകളായ പേടിഎമ്മിന്റെയും ഗൂഗിൾ പേയുടെയും വ്യാജപതിപ്പുകളുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. ഒറ്റനോട്ടത്തിൽ യഥാർത്ഥ ആപ്പ് എന്ന് തോന്നുന്ന രീതിയിലാണ് ആപ്പ് നിർമിച്ചിട്ടുള്ളത്. തെക്കു-പടിഞ്ഞാറൻ മേഖലയിലെ ഡിസിപിയായ ഇംഗിത് പ്രതാപ് സിങിന് ലഭിച്ച പരാതിയിലൂടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. രമേഷ് കുമാർ എന്ന പലചരക്ക് കടയുടമയുടേതായിരുന്നു പരാതി. തന്റെ കടയിൽ നിന്ന് 2,500 രൂപയുടെ സാധനങ്ങൾ വാങ്ങിയ ഒരു യുവാവ് പേടിഎം വഴി പണം അടയ്ക്കാൻ തന്റെ നമ്പർ ആവശ്യപ്പെട്ടു. തന്റെ നമ്പറിൽ 2,500 രൂപ അയച്ചതായി അയാൾ അയാളുടെ ഫോണിലെ നോട്ടിഫിക്കേഷൻ കാണിച്ചു തന്നു. ആ പേയ്മന്റ് റസ്പിറ്റും അയാൾ രമേശിന് അയച്ചു നൽകി. പക്ഷേ പിന്നീട് പരിശോധിച്ചപ്പോളാണ് മനസിലായത്. തനിക്ക് അങ്ങനെയൊരു പേയ്മന്റ് ലഭിച്ചിട്ടില്ലെന്ന്.- ഇതായിരുന്നു രമേശിന്റെ പരാതി.

പരാതി ലഭിച്ചയുടൻ കുനാൽ നടത്തിയ തട്ടിപ്പിന്റെ രീതി കണ്ടെത്തിയ പൊലീസ് സൈബർ ടീമിന്റെ സഹായത്തോടെ കുനാലിനെ കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലിലാണ് താൻ ഇത്തരത്തിൽ ഇരുന്നൂറിലധികം പേരെ പറ്റിച്ചിട്ടുണ്ടെന്ന് പ്രതി വെളിപ്പെടുത്തിയത്.

ലോക്ഡൗണിൽ ജോലി നഷ്ടപെട്ട കുനാൽ ശർമയ്ക്ക് ഓൺലൈൻ സൈറ്റിൽ നിന്നാണ് ആപ്പ് ലഭിച്ചതെന്നാണ് പ്രതി പറഞ്ഞത്. വിശദമായ പരിശോധനകൾക്കായി ഫോൺ കണ്ടുകെട്ടിയിട്ടുണ്ട്.

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News