ഇക്കൂട്ടത്തില്‍ നിങ്ങളുടെ ബന്ധുക്കളുണ്ടെങ്കില്‍ കണ്ടുപിടിച്ചോളൂ? കൂട്ടിയിട്ടിരിക്കുന്ന മൃതദേഹങ്ങള്‍ ചൂണ്ടി ആശുപത്രി ജീവനക്കാര്‍
മൂന്ന് ജീവനക്കാര്‍ സംഭവത്തില്‍ ഉത്തരവാദികളാണെന്ന് സർക്കാർ ആശുപത്രി ഡീൻ ബാലാജി പറഞ്ഞു
പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് തലങ്ങും വിലങ്ങുമായി കൂട്ടിയിട്ടിരിക്കുന്ന മൃതദേഹങ്ങളില്‍ നിന്നും തങ്ങളുടെ പ്രിയപ്പെട്ടവരെ തെരഞ്ഞു കണ്ടുപിടിക്കേണ്ട ഗതികേടിലാണ് തമിഴ്നാട് തേനി സര്‍ക്കാര്‍ ആശുപത്രിയിലെത്തുന്ന ബന്ധുക്കള്‍. മോര്‍ച്ചറിയില്‍ വെറും നിലത്ത് കൂട്ടിയിട്ടിരിക്കുന്ന മൃതദേഹങ്ങള്‍ നോക്കി സങ്കടമടക്കുകയാണ് ഇവര്‍.
തേനി കെ.വിളക്ക് സര്‍ക്കാര്‍ ആശുപത്രിയിലാണ് ഈ ദയനീയമായ കാഴ്ച. ഇവിടെ ചികിത്സയില്‍ മരിച്ചവരുടെ ബന്ധുക്കളെത്തുമ്പോള്‍ മൃതദേഹം തെരഞ്ഞു കണ്ടുപിടിക്കാനാണ് ജീവനക്കാര്‍ പറയുന്നത്. 47കാരനായ തേനി സ്വദേശി കോവിഡ് ബാധിച്ച് മരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഇയാളുടെ ബന്ധുക്കളോട് മോര്‍ച്ചറിയില്‍ പോയി മൃതദേഹമേതെന്ന് കണ്ടുപിടിക്കാനാണ് ആശുപത്രി ജീവനക്കാര്‍ പറഞ്ഞത്. എന്നാല്‍ മോര്‍ച്ചറി കണ്ടപ്പോള്‍ തന്നെ ബന്ധുക്കള്‍ ഞെട്ടി. നിരവധി മൃതദേഹങ്ങളായിരുന്നു അവിടെ കുന്നുകൂടി കിടന്നത്. ഒടുവില്‍ തെരച്ചിലിന് ശേഷം മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സംഭവം വിവാദമാവുകയും ചെയ്തു. മൂന്ന് ജീവനക്കാര്‍ സംഭവത്തില്‍ ഉത്തരവാദികളാണെന്ന് സർക്കാർ ആശുപത്രി ഡീൻ ബാലാജി പറഞ്ഞു. ഇതില്‍ ഒരു കരാര്‍ ജീവനക്കാരനെ പിരിച്ചുവിടാനും രണ്ട് പേര്‍ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസയക്കാനും തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു. ''മോര്‍ച്ചറിയില്‍ രണ്ട് റൂമുകളാണ് ഉള്ളത്. രണ്ട് മുറികളും ചെറുതാണ്. പോസ്റ്റ്മോര്‍ട്ടത്തിനായി കോവിഡ് രോഗികളുടെയും അല്ലാത്തവരുടെയും മൃതദേഹങ്ങള്‍ വേര്‍തിരിച്ചാണ് സൂക്ഷിക്കുന്നത്. മൂന്ന് മൃതദേഹങ്ങൾ മാത്രം സൂക്ഷിക്കാൻ കഴിയുന്ന സാധാരണ മുറികളായിരുന്നു ഇവ, എന്നാൽ ചില സമയങ്ങളിൽ 15 മൃതദേഹങ്ങൾ സൂക്ഷിക്കേണ്ടി വരുന്നു.'' ബാലാജി പറഞ്ഞു.ജീവനക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.