ക്രൂരമര്‍ദ്ദനം, കണ്ണ് ചൂഴ്‍ന്നെടുത്ത നിലയില്‍; ബിജെപി നേതാവിന്‍റെ മകളെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍
പോലീസ് അന്വേഷണത്തില്‍ കുടുംബത്തിന് നീതി ലഭിച്ചെങ്കില്‍ പാര്‍ട്ടി സ്വതന്ത്ര അന്വേഷണം ആവശ്യപ്പെടുമെന്ന് ജാര്‍ഖണ്ഡിലെ ബിജെപി വക്താവ്
ജാര്‍ഖണ്ഡില്‍ 16 കാരിയെ ക്രൂരമായ പീഡനത്തിന് ശേഷം കൊലപ്പെടുത്തി, കണ്ണ് ചൂഴ്‍ന്നെടുത്ത് മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍. പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. പലാമു ജില്ലയിലെ ലാലിമതി വനത്തിലെ മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ ഇന്നലെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
പങ്കി പൊലീസ്സ്റ്റേഷൻ പരിധിയിലുള്ള ബുധബാര്‍ ഗ്രാമത്തിലെ പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകീട്ട് തന്നെ പ്രദേശത്തെ ശ്മശാനത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിച്ചു. ഗ്രാമത്തിലെ പ്രാദേശിക ബിജെപി നേതാവിന്റെ മകളാണ് പെണ്‍കുട്ടി. ഇദ്ദേഹത്തിന്റെ അഞ്ചുമക്കളില്‍ മൂത്തകുട്ടിയാണ് കൊല്ലപ്പെട്ടത്.
മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ച മൊബൈല്‍ ഫോണിനെ തുടര്‍ന്ന് നടത്തിയ അന്വേഷത്തെ തുടര്‍ന്ന് ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. 23കാരനായ പ്രദീപ് കുമാര്‍ സിംഗ് ധനുക് ആണ് അറസ്റ്റിലായിട്ടുള്ളത്. ഇയാള്‍ വിവാഹിതനാണെന്ന് പൊലീസ് പറഞ്ഞു.
പെണ്‍കുട്ടിയെ കാണാതായത് ജൂണ്‍ 7ന്
ജൂണ്‍ 7 ന് രാവിലെ പത്തുമണിയോട് അടുത്താണ് പെണ്‍കുട്ടിയെ കാണാതായതെന്ന് വീട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് ഒരു ദിവസം വീട്ടുകാര്‍ സ്വന്തം നിലയ്ക്ക് അന്വേഷിച്ചെങ്കിലും കണ്ടെത്താത്തതുകൊണ്ട് അടുത്ത ദിവസം പൊലീസിലും പരാതി നല്‍കി. ചൊവ്വാഴ്ച പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതി ലഭിച്ചെന്ന് പങ്കി പൊലീസ് സ്റ്റേഷനിലെ എസ് ഐ അശോക് കുമാറും പറയുന്നു. തുടര്‍ന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് പ്രദേശവാസികള്‍ കാടിനുള്ളിലെ മരത്തില്‍ കെട്ടിത്തൂക്കപ്പെട്ട നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നതെന്ന് അശോക് കുമാര്‍ അറിയിച്ചു.
തുണി ഉപയോഗിച്ചാണ് പെണ്‍കുട്ടിയുടെ മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കിയത്. പെണ്‍കുട്ടിയുടെ വലത് കണ്ണ് ചൂഴ്ന്നെടുത്ത നിലയിലായിരുന്നു. പെൺകുട്ടിയെ ക്രൂരമായി മർദിച്ചതിന്‍റെ പാടുകൾ ശരീരത്തിലുണ്ടായിരുന്നു. ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി അതിന് ശേഷം ആത്മഹത്യയെന്ന് തോന്നിപ്പിക്കാനായി മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
മേദിനി റായ് മെഡിക്കല്‍ കോളേജില്‍ ഇന്നലെ തന്നെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മൃതദേഹം സംസ്കരിച്ചത്. കൊലപാതകികള്‍ പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയെന്നും കുടുംബം ആരോപിക്കുന്നു. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാകു എന്ന് എസ് പി സഞ്ജീവ് കുമാര്‍ അറിയിച്ചു. സാധ്യമായ രീതിയില്‍ കേസിന്‍റെ എല്ലാ വശവും അന്വേഷിക്കുമെന്നും എസ് പി കൂട്ടിച്ചേര്‍ത്തു.
പോലീസ് അന്വേഷണത്തില്‍ കുടുംബത്തിന് നീതി ലഭിച്ചെങ്കില്‍ പാര്‍ട്ടി സ്വതന്ത്ര അന്വേഷണം ആവശ്യപ്പെടുമെന്ന് ജാര്‍ഖണ്ഡിലെ ബിജെപി വക്താവ് പ്രതുല്‍ ഷാഹ്‍ദി പറഞ്ഞു.