ഓൺലൈൻ ക്ലാസ് മുടങ്ങാതിരിക്കാന്‍ പെരുമഴയത്തും മകൾക്ക് കുടപിടിച്ചുകൊടുത്ത് ഒരച്ഛൻ! വൈറലായി 'ഫാദേഴ്‌സ് ഡേ'യിലെ വേറിട്ട കാഴ്ച
ദക്ഷിണ കന്നഡയിലെ സുള്ള്യ താലൂക്കിലെ വിദ്യാര്‍ത്ഥികളാണ് വീടുകളില്‍ നെറ്റ്‍വര്‍ക്ക് പ്രശ്നങ്ങള്‍ കാരണം പഠനപ്രതിസന്ധി നേരിടുന്നത്
ചെറുപ്രായത്തിൽ വെയിലും മഴയും കൊള്ളാതെ തങ്ങളെ പോറ്റിവളര്‍ത്തിയ അച്ഛന്മാരുടെ കരുതലിനെക്കുറിച്ചൊക്കെ ആളുകൾ സമൂഹമാധ്യമങ്ങളിൽ കുറിപ്പുകളിടുന്ന ദിവസമാണിന്ന്. 'ഫാദേഴ്‌സ് ഡേ'യിൽ പഴയ ചിത്രങ്ങളും ഓർമകളും പങ്കുവയ്ക്കുമ്പോൾ കർണാടകയിൽനിന്നൊരു 'ലൈവ്' ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. കനത്ത മഴയിൽ മകൾക്ക് കുടപിടിച്ചുകൊടുക്കുന്ന ഒരു അച്ഛന്‍റെ ചിത്രമാണിത്. എന്നാല്‍ കാരണം കേട്ടാല്‍ മൂക്കത്ത് വിരല്‍വയ്ക്കും; ഓൺലൈൻ ക്ലാസ് മുടങ്ങാതിരിക്കാനാണ് ഇദ്ദേഹം ദിവസവും മകളെക്കൂട്ടി പാതയോരത്തെത്തുന്നത്.
ദക്ഷിണ കന്നഡയിലെ സുള്ള്യ താലൂക്കിലുള്ള ബല്ലാക്കയിലാണ് സംഭവം. പത്താം ക്ലാസിൽ പഠിക്കുന്ന മകൾക്ക് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സൗകര്യമൊരുക്കുകയാണ് നാരായണ എന്ന പിതാവ്. വീട്ടിൽ റേഞ്ചില്ലാത്തതിനാൽ പുറത്തിറങ്ങി കുറച്ചകലെയുള്ള പാതയോരത്തെത്തിയിട്ടു വേണം ദിവസവും ഓൺലൈനിൽ ക്ലാസിൽ പങ്കെടുക്കാന്‍. മഴയിലും വെയിലത്തും മകൾക്ക് സംരക്ഷണമായി നാരായണ കൂടെയുണ്ടാകും. മഴ പെയ്താൽ അച്ഛൻ കൂടി ചൂടിക്കൊടുക്കും. മകൾ ക്ലാസിൽ തുടരുകയും ചെയ്യും. കൗതുകക്കാഴ്ച ശ്രദ്ധയിൽപെട്ട പ്രാദേശിക മാധ്യമപ്രവർത്തകനായ മഹേഷ് പുച്ചപ്പാടിയാണ് ഇതിന്റെ ഫോട്ടോയെടുത്തു പങ്കുവച്ചത്. ഇതോടെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ചിത്രം.
ദക്ഷിണ കന്നഡയിലെ ഗ്രാമീണപ്രദേശങ്ങളിൽ നിലനിൽക്കുന്ന ഇന്റർനെറ്റ് ലഭ്യതാ പ്രശ്‌നം കൃത്യമായി ചൂണ്ടിക്കാട്ടുന്നതാണ് ഈ ചിത്രം. ഇന്റർനെറ്റ് ലഭ്യമല്ലാത്തതിനാൽ നിരവധി വിദ്യാർത്ഥികൾക്കാണ് പലയിടങ്ങളിലും ഓൺലൈന്‍ ക്ലാസുകൾ നഷ്ടപ്പെടുന്നത്. മക്കളുടെ പഠനം മുടങ്ങാതിരിക്കാൻ എന്തു ത്യാഗവും സഹിക്കാന്‍ രക്ഷിതാക്കൾ ഒരുക്കമാണെങ്കിലും ബദല്‍മാര്‍ഗങ്ങളൊന്നും ഇവര്‍ക്കുമുന്‍പിലില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
ബല്ലാകയ്ക്കു പുറമെ കാമില, ഗുട്ടിഗർ തുടങ്ങിയ പരിസര പ്രദേശങ്ങളിലെല്ലാം ഇതുതന്നെയാണ് സ്ഥിതി. ഇവിടെയെല്ലാം വീടിനു വെളിയിലിറങ്ങിയാണ് വിദ്യാർത്ഥികൾ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നതെന്ന് മഹേഷ് പറയുന്നു.