'കോവിഡ് കാലത്ത് നിങ്ങളെന്തു ചെയ്യുകയാണ്?'; തെരഞ്ഞെടുപ്പ് കമ്മിഷനെ കുടഞ്ഞ് കൽക്കട്ട ഹൈക്കോടതി
കമ്മിഷൻ തങ്ങളുടെ ഭരണഘടനാപരമായ അധികാരം പ്രയോഗിക്കുന്നില്ലെന്നായിരുന്നു കോടതിയുടെ വിമര്‍ശം
കൊൽക്കത്ത: സർക്കുലർ പുറത്തിറക്കുന്നതും യോഗം നടത്തുന്നതും മാത്രമല്ല തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവാദിത്വമെന്ന് കൽക്കട്ട ഹൈക്കോടതി. കോവിഡ് കാലത്ത് കമ്മിഷന്‍ എന്താണ് ചെയ്യുന്നത് എന്നും കോടതി ചോദിച്ചു. മുൻ കമ്മിഷണർ ടി.എൻ ശേഷനെ പോലെ പ്രവർത്തിക്കണമെന്നും അല്ലെങ്കിൽ തങ്ങൾക്കത് ചെയ്യേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
ചീഫ് ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ, ജസ്റ്റിസ് അരിജിത് ബാനർജി എന്നിവർ അടങ്ങുന്ന ബഞ്ചാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മൂന്ന് ഹർജികൾ പരിഗണിച്ചത്. തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്നായിരുന്നു ഹർജികളിലെ ആവശ്യം. വെള്ളിയാഴ്ച രാവിലെ വിഷയത്തിൽ ചെറു സത്യവാങ്മൂലം സമർപ്പിക്കാനും കോടതി കമ്മിഷനോട് ആവശ്യപ്പെട്ടു.
കമ്മിഷൻ തങ്ങളുടെ ഭരണഘടനാപരമായ അധികാരം പ്രയോഗിക്കുന്നില്ലെന്നായിരുന്നു കോടതിയുടെ വിമര്‍ശം. ഉത്തവരാദിത്വത്തോടെ പെരുമാറാൻ കമ്മിഷനാകുന്നില്ല. എല്ലാം ജനങ്ങളുടെ തലയിൽ കെട്ടിവച്ച് ഉത്തരവാദിത്വത്തിൽ നിന്നൊഴിയരുത്- കോടതി ആവശ്യപ്പെട്ടു.
അതിനിടെ, ബംഗാളിൽ തെരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കാൻ മിക്ക രാഷ്ട്രീയപ്പാർട്ടികളും തീരുമാനിച്ചിട്ടുണ്ട്. കൊൽക്കത്തയിൽ പ്രചാരണത്തിനില്ലെന്ന് കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി മമത ബാനർജി വ്യക്തമാക്കിയിരുന്നു. ഏപ്രിൽ 14ന് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വലിയ റാലികൾ നടത്തില്ലെന്ന് സിപിഎമ്മും വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും എല്ലാ റാലികളും മാറ്റിവച്ചിരുന്നു. ഒടുവിൽ, ഏപ്രിൽ 19ന് ബിജെപിയും അഞ്ഞൂറിൽ കൂടുതൽ ആളുകളുള്ള പൊതുയോഗങ്ങൾ നടത്തില്ലെന്ന് അറിയിച്ചിരുന്നു.